കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിനെയും സ്ഥലം മാറ്റിയത് വിവാദമാകുന്നു. കഴിഞ്ഞ ആഴ്ച കൊല്ലത്തേക്ക് ഹരിശങ്കറിനെ സ്ഥലം മാറ്റിയപ്പോൾ കെ.സുഭാഷിനെ ഇടുക്കി വിജിലൻസിലേക്കാണ് മാറ്റിയത്. അതേസമയം അപ്രതീക്ഷിത സ്ഥലംമാറ്റത്തിൽ പ്രോസിക്യൂഷനടക്കം അതൃപ്തിയിലാണെന്നാണ് സൂചന.
വിചാരണയ്ക്കുള്ള നടപടികൾ നടക്കുമ്പോഴാണ് സമ്മർദ്ദങ്ങളെ അതിജീവിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയും തട്ടിയത്. പ്രഥമദൃഷ്ട്യാ സ്ഥലംമാറ്റത്തിൽ അസ്വാഭാവികത ഒന്നുമില്ലെങ്കിലും കന്യാസ്ത്രീകളുടെ ആശങ്കയിൽ അടിസ്ഥാനമുണ്ട്. ഫ്രാങ്കോയെപ്പോലെ അതിശക്തനായ ഒരാൾക്കെതിരായ കേസിൽ വിചാരണ സമയത്ത് സാക്ഷികൾ സ്വാധീനിക്കപ്പെട്ടേക്കാമെന്നാണ് പ്രധാന ആശങ്ക. മുഖ്യസാക്ഷികൾ കൂറുമാറിയാൽ അത് ഫ്രാങ്കോയ്ക്ക് ഗുണകരമാവും. ഹരിശങ്കറിന്റെ ശക്തമായ നിലപാടായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റ് ഒഴിവാക്കാൻ പത്ത് കോടി രൂപയാണ് വിദേശത്തു നിന്ന് ഇന്റർനെറ്റ് കാളിലൂടെ നിരവധി തവണ ഹരിശങ്കറിന് വാഗ്ദാനം വന്നത്.
കെവിൻ കേസിൽ പ്രതികൾക്കെതിരായ തെളിവുകൾ നിരത്താൻ പ്രോസിക്യൂഷനാകുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ മുഴുവൻ സമയവും വിചാരണക്കോടതിയിൽ ഉള്ളത് കൊണ്ടുകൂടിയാണ്. കേസ് സംബന്ധിച്ച സംശയമുണ്ടായാൽ അപ്പോൾതന്നെ ഡിവൈ.എസ്.പിക്ക് അരികിലെത്തി നിവാരണം നടത്തും. കൂറുമാറാതിരിക്കാൻ സാക്ഷികൾ കോടതിയിലേക്ക് തിരിക്കുമ്പോൾ മുതൽ മഫ്തിയിൽ സംരക്ഷണവുമായി പൊലീസും ഒപ്പമുണ്ടാകും. ഇതെല്ലാം കോ-ഓർഡിനേറ്റ് ചെയ്തിരുന്നത് ഹരിശങ്കറായിരുന്നു. സമാനമായ പ്രവർത്തനങ്ങൾ ഫ്രാങ്കോ കേസിലും ഉണ്ടായാലേ കേസ് സുഗമമായി വാദിക്കാൻ കഴിയൂയെന്ന് പ്രോസിക്യൂഷനും വിശ്വസിക്കുന്നു. രണ്ടാം സാക്ഷി ലിസി വടക്കേലിന് വിറ്റ്നസ് പ്രൊട്ടക്‌ഷൻ സ്കീം പ്രകാരം സുരക്ഷ നൽകിയിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി, ജില്ലാ ജഡ്ജി, ഗവ. പ്ളീഡർ എന്നിവരടങ്ങുന്ന പാനലാണ് സ്കീമിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ആശങ്കയ്ക്ക് കാരണങ്ങൾ
കേസിന്റെ മുഴുവൻ കാര്യങ്ങളും അറിയാവുന്ന എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തില്ല
കെവിൻ കേസിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഫ്രാങ്കോയുടെ അഭിഭാഷകൻ
ഹരിശങ്കറിന്റെ സ്ഥലംമാറ്റം ചുമതലയേറ്റ് ഒരുവർഷം തികയുമ്പോൾ. അടിയന്തര സ്ഥലംമാറ്റത്തിനുള്ള പ്രശ്നങ്ങളില്ല
''സ്ഥലംമാറ്റത്തിൽ ഭയമുണ്ട്. ഡിവൈ.എസ്.പിയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന് സംശയം. വിചാരണ തീരുംവരെ ഉന്നത ഉദ്യോഗസ്ഥരെ തുടരാൻ അനുവദിക്കണം''- കന്യാസ്ത്രീകൾ