കോട്ടയം: കാർട്ടൂണിനെ ആക്ഷേപ ഹാസ്യമായി കാണണമെന്ന് കാർട്ടൂണിസ്റ്റ് കെ.കെ.സുഭാഷ് കേരളകൗമുദിയോട് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന 'വിശ്വാസം രക്ഷതി 'എന്ന കാർട്ടൂൺ 2018 ഒക്ടോബറിൽ ഹാസ്യ കൈരളി മാസിക കവർചിത്രമായി പ്രസിദ്ധീകരിച്ചതാണ്. അന്ന് ഒരു വിവാദവുമില്ലായിരുന്നു. ഇപ്പോൾ വിവാദമാക്കിയത് എന്തിനെന്നറിയില്ല. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ സുകുമാർ, പി.വി.കൃഷ്ണൻ, മധു ഓമല്ലൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. മതപരമായ പ്രശ്നമുള്ളതായി അവർക്ക് തോന്നിയില്ല. സോഷ്യൽ മീഡിയയിൽ ചിലർക്കാണ് അങ്ങനെ തോന്നിയത്. ബിഷപ്പ് കൗൺസിലിന് ഇടപെടേണ്ട കുഴപ്പം എന്റെ വരയിലുണ്ടോ എന്ന് അറിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്ന് പറയേണ്ടത് ഞാനല്ല. കേരള സമൂഹമാണ് . ന്യൂനപക്ഷങ്ങളെയും മത പ്രതീകങ്ങളെയും അവഹേളിച്ചു എന്ന് കേട്ട് ചിരിക്കാനാണ് തോന്നുന്നത്. നെഹ്രുവിനെതിരെ കാർട്ടൂൺ വരച്ച ശങ്കറെപ്പോലുള്ള പ്രതിഭകളെ അഭിനന്ദിച്ച നാടാണിത്.
കാർട്ടൂണിന്റെ കൈകെട്ടരുത്:കാർട്ടൂൺ അക്കാഡമി
കാർട്ടൂൺ അവാർഡ് വിവാദം ഖേദകരമാണെന്ന് കേരള കാർട്ടൂൺ അക്കാഡമി സെക്രട്ടറി തോമസ് ആന്റണി പറഞ്ഞു. വിമർശന കലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർത്ഥം തന്നെ നഷ്ടമാകും. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താത്പര്യങ്ങളുടെ കണ്ണടകളിലൂടെ നർമ്മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദു:ഖകരമാണ്.