പാലാ : പാലാ റിംഗ് റോഡിന്റെ രണ്ടാംഘട്ടം എന്നു തുടങ്ങുമെന്ന ചോദ്യത്തിന് ഉത്തരമില്ല. നാല് ഘട്ടങ്ങളായി വിഭാവനം ചെയ്ത റോഡിന്റെ ആദ്യഘട്ടമായ കടപ്പാട്ടൂർ ബൈപാസ് പൂർത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു. രണ്ടാംഘട്ടത്തിന് ഇപ്പോൾ ചുമതലക്കാരില്ലാത്ത അവസ്ഥയാണ്.
മുൻധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി വിഭാവനം ചെയ്ത് ഭരണാനുമതി നൽകിയ റിംഗ് റോഡ് പദ്ധതിക്കായി 41 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പ്രഥമഘട്ടത്തിന് 33 കോടി രൂപ ചെലവഴിച്ചു. അവശേഷിക്കുന്ന തുക രണ്ടാംഘട്ടത്തിന് പര്യാപ്തമല്ല. പാലാ - പൊൻകുന്നം റോഡിലെ പന്ത്രണ്ടാംമൈലിൽ ആരംഭിച്ച് പാലാ - ഈരാറ്റുപേട്ട റോഡിലെ കളരിയാമ്മാക്കൽ കടവും പാലവും ഉൾപ്പെടുത്തി ഹൈവേയിൽ അവസാനിക്കുന്നതാണ് രണ്ടാംഘട്ടം. 2.200 കി.മീറ്റർ ദൂരമുള്ള റോഡിന് 35ൽപ്പരം ഭൂവുടമകളുടെ സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. ഒരാൾ മാത്രമാണ് എതിർപ്പുമായി രംഗത്തുള്ളത്. സർക്കാർ ഈ പദ്ധതി കിഫ്ബിയിലേക്ക് മാറ്റി 40 കോടി വകയിരുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. ഭൂമി ഏറ്റെടുക്കലിന് തുക ലഭ്യമായാലേ പദ്ധതി മുന്നോട്ടുപോകുകയുള്ളൂ. സ്ഥലം ഏറ്റെടുക്കലിലെ അനിശ്ചിതത്വം ഭൂവുടമകളെയും പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മീനച്ചിൽ പഞ്ചായത്തിനെയും പാലാ നഗരസഭയെയും നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതത്തിരക്ക് കുറക്കുന്നതിനും സഹായകരമാകും.
വകയിരുത്തിയത് : 41 കോടി
ആദ്യഘട്ടത്തിനായത് : 33 കോടി
ദൈർഘ്യം : 2.200 കി.മീറ്റർ
സ്ഥലം ഏറ്റെടുക്കേണ്ടത് : 35 പേരുടെ