രാമപുരം : ജീവിത പ്രാരാബ്ദത്തിലും മൂല്യവും, സത്യസന്ധതയും കൈവിടാതെ വെള്ളിലാപ്പിള്ളി കോളനിയിൽ താമസിക്കുന്ന കണ്ടത്തിൻകര സെലിൻ ഗോപി സമൂഹത്തിന് മാതൃകയായി. ഇന്നലെ രാവിലെ 8.30 ന് രാമപുരം വടക്കേമഠത്തിന് സമീപമുള്ള വീട്ടിൽ ജോലിക്ക് പോവുകയായിരുന്ന സെലിന് രാമപുരം ജംഗ്ഷന് സമീപവ വച്ചാണ് ഒരു കടലാസുപൊതി ലഭിച്ചത്. തുറന്നു നോക്കിയപ്പോൾ 50000 രൂപ. സെലിന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഉടനെ അടുത്തുള്ള വ്യാപാരികളെ ഏല്പിക്കണമെന്ന് തോന്നി. എന്നാൽ ഇത് യഥാർത്ഥ ഉടമയ്ക്ക് കിട്ടാതിരിക്കുമോ എന്ന ഭീതി കാരണം ജോലിക്കുപോയി. ജോലി കഴിഞ്ഞ് തിരികെ വരുംവഴി രാമപുരം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ കെ.എ. ജോസഫിന് പണം കൈമാറി.
പൂവക്കുളം സ്വദേശി തേവർകുന്നേൽ മേരിക്കുട്ടിയുടെ പണമാണ് നഷ്ടമായത്. രാവിലെ രാമപുരം പള്ളിയിൽ പോയി ടൗണിലെ കടയിൽ സാധനം വാങ്ങി ഓട്ടോറിക്ഷയിൽ കയറുമ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. എസ്.ഐ കെ.എ.ജോസഫ്, എ.എസ്.ഐ. സജി ജോർജ്, വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർ സിനിമോൾ കെ.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, മോഹനൻ, സുരേഷ് ബാബു, സജി, ആനന്ദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പണം കൈമാറി. കുടുംബ പ്രാരാബ്ദധത്തിലും പണം തിരികെ നൽകി മാതൃകയായ സെലിനെ രാമപുരം പഞ്ചായത്ത് ആദരിക്കുമെന്ന് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ പറഞ്ഞു.