പാലാ : പാർലമെന്റിന്റെയും നിയമസഭയിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. കൊഴുവനാലിൽ ടി.വി.എബ്രാഹം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പാർലമെന്റിലും നിയമസഭയിലും സഭാസ്തംഭനം പതിവാകുകയാണ്. ജനാധിപത്യത്തിന്റെ വിജയത്തിന് സുഗമമായ സഭാ പ്രവർത്തനം അനിവാര്യമാണ്. ജനപ്രതിനിധികളാണ് ജനാധിപത്യത്തിന്റെ വിജയത്തിന് അടിസ്ഥാനം. എത്രകാലം അധികാരത്തിൽ ഉണ്ടായിരുന്നുവെന്നതല്ല എന്തു ചെയ്തുവെന്നതാണ് പ്രധാനം. ആക്ഷേപങ്ങളില്ലാതെ പ്രവർത്തിക്കാൻ സാധിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.വി. എബ്രാഹമെന്നും അദേഹം പറഞ്ഞു. ജോസ് കെ.മാണി എം.പി. അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, രാഷ്ട്രീയ നേതാക്കളായ പി.സി.തോമസ്, ഫ്രാൻസിസ് ജോർജ്, ടോമി കല്ലാനി, പി.സി.ജോസഫ് , പി.കെ. ചിത്രഭാനു, എം.എം.സക്‌റിയാ, ഫ്രാൻസിസ് തോമസ്, കൊച്ചുത്രേസ്യാ എബ്രാഹം, ഷിബു തെക്കേമറ്റം എന്നിവർ പ്രസംഗിച്ചു.