blood

കോട്ടയം: ചങ്കിലെ ചോര ഊറ്റിക്കൊടുക്കുന്ന കാര്യത്തിൽ കോട്ടയത്തുകാരെ ആർക്കും തോല്പിക്കാനാവില്ല. സംസ്ഥാനത്ത് കഴിഞ്ഞ വർഷം രക്തം ദാനം ചെയ്തവരുടെ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. രക്തദാനത്തിൽ സെഞ്ച്വറിയടിച്ച പാലാ ബ്ളഡ് ഡോണേഴ്സ് ഫോറത്തിന്റെ അമരക്കാരൻ ഷിബു തെക്കേമറ്റം, മുപ്പതോളം തവണ രക്തം ദാനം ചെയ്ത ബ്ളഡ് ഡൊണേഷൻ കേരള പ്രവർത്തകൻ ജോമോൻ എന്നിവർ ജില്ലയിലുള്ളവരാണ്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ശേഖരിച്ച 4.23 ലക്ഷം യൂണിറ്റ് രക്തത്തിൽ 3.15 ലക്ഷം യൂണിറ്റും സന്നദ്ധ രക്തദാനത്തിലൂടെയായിരുന്നു. രക്തദാനസമിതി രൂപീകരിച്ച് സന്നദ്ധ സംഘടനകളെയും രക്തബാങ്കുകളെയും ഒരു കുടക്കീഴിലാക്കിയുള്ള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനമാണ് നേട്ടത്തിനു പിന്നിൽ. തിരുവനന്തപുരമാണ് രക്തദാനത്തിൽ പിന്നിൽ.

രക്തദാനം എങ്ങനെ?​

കഴിഞ്ഞ സാമ്പത്തിക വർഷം 3.02 ലക്ഷം പുരുഷന്മാരും 13064 സ്ത്രീകളും രക്തം നൽകി. 18നും 60നും ഇടയിൽ പ്രായമുള്ള ആർക്കും ദാനം ചെയ്യാം. ആണുങ്ങൾക്ക് മൂന്നു മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാല് മാസത്തിലൊരിക്കലും. 45 കിലോയിലധികം തൂക്കം വേണം. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, ചുഴലി, അർബുദം, കരൾരോഗം തുടങ്ങിയ രോഗങ്ങളുള്ളവർക്കും മനോരോഗത്തിന് മരുന്ന് കഴിക്കുന്നുവർക്കും വിലക്കുണ്ട്.

ഗുണങ്ങളേറെ

പതിവായി രക്തം ദാനം ചെയ്യുന്നവർക്ക് കൊളസ്ട്രോൾ കുറയും

 രക്തപരിശോധനയിൽ രോഗനിർണയം കൂടി നടക്കുന്നു

 എച്ച്.ഐ.വി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയവ പരിശോധിക്കും

രക്തത്തിൽ ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാം