vegitabeles

കോട്ടയം : ''ചേട്ടാ ബീൻസിന് എന്താവില''. ചോദിച്ചു തീർന്നില്ല മറുപടിയെത്തി, ''110''. ''വള്ളിപ്പയറിനോ?'' 50. വിലകേട്ടതോടെ പോക്കറ്റുകീറുമെന്നുറപ്പായി. ഇനി മീൻമാർക്കറ്റിൽ ചെല്ലാമെന്ന് വച്ചാൽ ഇതിലും കഷ്ടമാണ്. ട്രോളിംഗ് നിരോധനം മൂലം കടൽ മീൻ കിട്ടാനില്ല. മത്തിയ്ക്ക് കൊടുക്കണം കിലോയ്ക്ക് 200. അദ്ധ്യയന വർഷത്തോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിയ സാധാരണക്കാർ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ്.

മൈസൂരിലെ കാലാവസ്ഥ പ്രതികൂലമായതോടെ പച്ചക്കറി വില കുതിക്കുകയാണ്. വേനലിലും തുടർന്നുള്ള മഴയിലും വയനാട്ടിൽ ഏത്തവാഴകൃഷി നശിച്ചതോടെ നേന്ത്രപ്പഴത്തിനും തീവിലയാണ്. 70 മുതലാണ് കിലോയ്ക്ക് വില. കാരറ്റ്, ബീറ്റ്റൂട്ട്, കോവയ്ക്ക തുടങ്ങിയവയ്ക്ക് 5 രൂപയ്ക്ക് മുകളിൽ വർദ്ധിച്ചു. ബീൻസിന് 40 രൂപയാണ് വർദ്ധന. കാബേജ്, കോവയ്ക്ക, വെള്ളരിക്ക വള്ളിപ്പയർ ഉൾപ്പെടെ കൂടുതലും വരുന്നത് ഊട്ടി, മൈസൂർ മേഖലയിൽ നിന്നാണ്. ഓരോ തിങ്കളാഴ്ചയും 50 ടണ്ണിലേറെ പച്ചക്കറി കോട്ടയത്തു മാത്രം വരുന്നുണ്ട്. ഇടദിവസങ്ങളിലും പച്ചക്കറി ലോറികൾ എത്തുന്നുണ്ടെങ്കിലും അളവ് കുറവാണ്.

പച്ചക്കറി വില കിലോയ്ക്ക്

കാരറ്റ് - 50
ബീറ്റ്‌റൂട്ട് -40- 45
പാവയ്ക്ക - 55
ബീൻസ് (ഊട്ടി) -110
കോവയ്ക്ക -35
പയർ - 45 - 50
വെള്ളരിക്ക - 10
പടവലങ്ങ -35
തക്കാളി - 40
കാബേജ് - 30- 35

മീൻ കാര്യത്തിൽ വേണം കരുതൽ

വിലക്കയറ്റത്തിന് പിന്നാലെ മീനിന്റെ ഗുണമേന്മയിലും ആശങ്കയുണ്ട്. മാസങ്ങൾക്ക് മുൻപ് പിടികൂടി ഫ്രീസറിൽ വച്ചിരിക്കുന്ന മീനാകും വിപണിയിൽ എത്തുക. അയലയ്ക്കും മത്തിക്കും വില 200 വരെയെത്തി. തളയ്ക്ക് 400, കേരയ്ക്ക് 250 - 300, വറ്റയ്ക്ക് 350 -450 രൂപയുമാണ്. നെയ്‌മീൻ, മോത പോലുള്ള മീൻ കിട്ടാനില്ല.

ഊത്തപിടിത്തം തകൃതി

മഴകനത്തതോടെ ഊത്തപിടിത്തവും തകൃതിയായിട്ടുണ്ട്. വാള, പുല്ലൻ മീനുകൾ ധാരാളമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ സ്വകാര്യ ഫാമുകളിൽ നിന്ന് ചാടിപ്പോയതുൾപ്പെടെയുള്ള മീനുകൾ കായൽ പ്രദേശങ്ങളിൽ നിന്ന് കിട്ടിത്തുടങ്ങിയത് മീൻരുചി പ്രിയക്കാർക്ക് ആശ്വാസമാണ്.

നടുവൊടിക്കുന്നു

'' പച്ചക്കറി-മീൻ വില വർദ്ധനവ് നടുവൊടിക്കുകയാണ്. മഴമൂലം പണിയും കുറവാണ് ''

- സോമരാജ്, കൂലിപ്പണിക്കാരൻ