പാലാ : തിയേറ്ററിൽ സിനിമ കാണാനെത്തിയ യുവാക്കളിൽ ഒരാൾ കാലെടുത്ത് വച്ചത് മുൻസീറ്റിലിരുന്ന ആളുടെ തോളിൽ. ക്ലൈമാക്‌സിനൊടുവിൽ തങ്ങൾ അപമര്യാദയായി പെരുമാറിയത് പാലാ സി.ഐയോടാണെന്ന് അറിഞ്ഞപ്പോൾ നാലംഗസംഘം കാലുപിടിച്ച് തടിയൂരി. നഗരത്തിലെ പ്രമുഖ തിയേറ്ററിൽ ഇന്നലെ ഫസ്റ്റ്‌ഷോയ്ക്കായിരുന്നു സംഭവം അരങ്ങേറിയത്. പാലാ സി.ഐ വർഗീസ് അലക്‌സാണ്ടറും ഡ്രൈവറും സ്വകാര്യകാറിലാണ് സിനിമ കാണാനെത്തിയത്. ടീഷർട്ടും മുണ്ടുമായിരുന്നു സി.ഐയുടെ വേഷം.
സിനിമ തുടങ്ങിയതോടെ പിന്നിലിരുന്ന യുവാക്കൾ ഉറക്കെ സംസാരിച്ചുതുടങ്ങി. സി.ഐ പിറകിലേക്ക് ഒന്ന് രൂക്ഷമായി തിരിഞ്ഞുനോക്കി. ഇതോടെ യുവാക്കളിൽ ഒരാൾ സി.ഐ യുടെ സീറ്റിനുമുകളിൽ കാൽ എടുത്തുവച്ചു. പക്ഷേ, കാൽ ഇരുന്നത് സി.ഐയുടെ തോളിലായിരുന്നു. രണ്ട് വട്ടംകൂടി ഇത് ആവർത്തിച്ചതോടെ സി.ഐ തോളിൽ നിന്ന് കാലുകൾ തട്ടിമാറ്റി. പിന്നെ ഇത് ആവർത്തിച്ചില്ല. സിനിമ കണ്ടിറങ്ങിയ സി.ഐ യുവാക്കളെ കാത്ത് നിന്നു. എന്താ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന സി.ഐയുടെ ചോദ്യം യുവാക്കൾക്ക് ദഹിച്ചില്ല. ഇതിനിടയിൽ ഒരാൾ മൊബൈലിൽ സി.ഐയുടെ ചിത്രമെടുക്കാൻ ഒരുമ്പെട്ടു. ഇതോടെ ഫോൺ സി.ഐയുടെ കൈയിലായി. ഭീഷണിയുമായി യുവാക്കൾ പിന്നാലെയെത്തി.
'ഫോൺ സ്റ്റേഷനിൽ വന്ന് വാങ്ങിക്കോളൂ" എന്ന് സി.ഐ പറഞ്ഞതോടെയാണ് യുവാക്കൾക്ക് അബദ്ധം മനസിലായത്. ഫോണുമായി സി.ഐ പോകുകയും ചെയ്തു. ഇന്നലെ രാവിലെ ഫോൺ വാങ്ങാൻ നാലുപേരും പാലാ സ്റ്റേഷനിലെത്തി. മുതിർന്ന പൗരൻമാരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് പൊലീസ് യുവാക്കൾക്ക് 'ക്ലാസ്' നൽകി. തുടർന്ന് ഫോണിലൂടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. മക്കളെ വളർത്തേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് ക്ലാസെടുത്തശേഷം താക്കീത് നൽകിയാണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. സംഭവത്തിൽ ഉൾപ്പെട്ട യുവാക്കളിൽ ഒരാൾ പാലായ്ക്കടുത്ത് ചേർപ്പുങ്കലിലെ പ്രമുഖ തൊഴിലാളി നേതാവിന്റെ മകനാണ്.