കോട്ടയം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ റബർ വില വീണ്ടും കിലോയ്ക്ക് 150 രൂപ കടന്നു. ഇന്നലെ വില 155 രൂപയിലെത്തി. ഉത്‌പാദനവും ഇറക്കുമതിയും കുറഞ്ഞതിനാൽ, വിപണി നേരിടുന്ന ക്ഷാമമാണ് വിലക്കുതിപ്പിന് കാരണം. കിലോയ്ക്ക് 100-110 രൂപ നിരക്കിലേക്ക് താഴ്‌ന്നയിടത്തു നിന്നാണ് ഇപ്പോഴത്തെ വിലക്കുതിപ്പ്. കഴിഞ്ഞ രണ്ടുവർഷത്തെ മികച്ച വിലയാണിത്.
അതേസമയം, ഉത്‌പാദനം നിലച്ചതിനാൽ കർഷകന്റെ കീശ കാലിയാണ്. വില വർദ്ധനയുടെ നേട്ടം ലഭിക്കുന്നുമില്ല. വേനൽമൂലം മാർച്ച്-മേയ് കാലയളവിൽ ടാപ്പിംഗ് കാര്യക്ഷമമായിരുന്നില്ല. ഉത്‌പാദനം കുറയുന്നതിനാൽ ജൂൺ-ജൂലായ് മാസങ്ങളിൽ വില കൂടുകയും പതിവാണ്. കഴിഞ്ഞ വർഷങ്ങളിൽ വൻ വിലയിടിവ് മൂലം കർഷകർക്ക് കിലോയ്ക്ക് 150 രൂപവച്ച് വിലസ്ഥിരത ഉറപ്പാക്കുന്ന പദ്ധതി സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. വില 150 രൂപ കടന്നതോടെ, 'വിലസ്ഥിരതാ ഫണ്ടി" ന്റെ ആവശ്യമില്ലാതായി.
സബ്‌സിഡിക്കായി പരിഗണിക്കുന്ന വില 150 രൂപയിൽ നിന്ന് 200 രൂപയാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഉപഭോഗം കൂടുന്നു
2018-19ൽ ആഭ്യന്തര റബർ ഉത്‌പാദനം 6.6 ശതമാനം കുറഞ്ഞ് 6.48 ലക്ഷം ടണ്ണിലെത്തി. എന്നാൽ, ഉപഭോഗം 9 ശതമാനം വർദ്ധിച്ചു. നടപ്പുവർഷം ഉത്‌പാദനം 7.50 ലക്ഷം ടണ്ണും ഉപഭോഗം 12.70 ലക്ഷം ടണ്ണും ആയിരിക്കുമെന്നാണ് റബർ ബോർഡിന്റെ വിലയിരുത്തൽ. അതായത്, ഇറക്കുമതി ഈവർഷവും കൂടും. കഴിഞ്ഞവർഷം ഇറക്കുമതി 24 ശതമാനം കൂടിയിരുന്നു.