അയ്മനം: വനിതാ കൂട്ടായ്മയുടെ വിജയത്തിന്റെ സ്മാരകമായി അയ്മനം പഞ്ചായത്തിലെ ആറാം വാർഡിൽ ഒരു വീടൊരുങ്ങുന്നു. വീട്ടുടമസ്ഥയടക്കം ഒൻപതു സ്ത്രീകളാണ് നിർമാണ ജോലിക്കാർ. 400 ചതുരശ്ര അടി വിസ്ത്രീർണത്തിൽ 45 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ അടിത്തറ 12 ദിവസം കൊണ്ട് തയ്യാറായി.
ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമവികസന വകുപ്പിന്റെയും മേൽനോട്ടത്തിൽ നടത്തുന്ന പി.എം.എ.വൈ.ജി മെയ്‌സൺ ട്രെയിനിംഗ് പ്രോഗ്രാമിലൂടെയാണ് കുന്നുംപുറത്ത് വിജയമ്മയുടെ വീട് നിർമിക്കുന്നത്. തൊഴിലുറപ്പ് ജോലികൾ ചെയ്ത് ശീലമുള്ള അൻപത് വയസ്സിൽ താഴെയുള്ള സ്ത്രീകളെയാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 250 രൂപ െ്രസ്രെഫന്റായി ലഭിക്കും. വിജയമ്മയ്ക്കു പുറമെ വത്സല രാജു, ഉഷകുമാരി ഹരിദാസ്, ഷീബ അനിൽ, മിനി അഗസ്റ്റിൻ, ത്രേസ്യാമ ദേവസ്യ, മുനീശ്വരി ബാലൻ, ഷൈല സന്തോഷ്, അമ്പിളി എന്നിവരാണ് സംഘത്തിലുള്ളത്. കെട്ടിട നിർമാണ വിദഗ്ധനായ ഷിബുവിന്റെ സഹായവും ഇവർക്കു ലഭിക്കുന്നുണ്ട്. വിജയമ്മയ്ക്ക് 201516 കാലഘട്ടത്തിൽ ഇന്ദിര ആവാസ് യോജന പ്രകാരം വീട് നിർമിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് സഹായത്തിനെത്തുന്നത്. നിർമ്മാണ പരിശീലനമായതിനാൽ പണിക്കൂലി ഇനത്തിലുള്ള ചിലവ് ഒഴിവാക്കാനായി. വെള്ളം കയറുന്ന പ്രദേശമായതിനാൽ കോൺക്രീറ്റ് ബെൽറ്റ് നിർമ്മിച്ചാണ് തറ ഒരുക്കിയത്.