ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് പ്രമേഹവും കൊളസ്‌ട്രോളും ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ പരിശോധിക്കാൻ ഇനി ലാബോറട്ടറിയിൽ പോകേണ്ട. ഫോൺ വിളിച്ചാൽ പരിശോധനയ്ക്കായി കുടുംബശ്രീ സാന്ത്വനം വോളണ്ടിയർ വീട്ടിലെത്തും. രാവിലെ ആറു മുതലാണ് പരിശോധന. പ്രമേഹം, കൊളസ്‌ട്രോൾ, ശരീരഭാരം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), രക്തസമ്മർദം തുടങ്ങിയവ പരിശോധിച്ച് കൃത്യമായ ഫലം ഉടൻ അറിയിക്കും. പ്രമേഹം 35 രൂപ, രക്തസമ്മർദ്ദം 20 രൂപ, കൊളസ്‌ട്രോൾ 80 രൂപ, ബി.എം.ഐ 20 രൂപ എന്നിങ്ങനയാണ് പരിശോധനകളുടെ നിരക്ക്. മുറിവേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാനും സൗകര്യമുണ്ട്. ആശുപത്രിയിലും ലാബോറട്ടറികളിലും പോയി പരിശോധനകൾ നടത്താൻ കഴിയാത്തവർക്കും പരിചരിക്കാൻ ആരുമില്ലാത്തവർക്കും കൈത്താങ്ങാവുകയാണ് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്നു നടത്തുന്ന പദ്ധതി. ഭവന സന്ദർശനത്തിനു ശേഷം പഞ്ചായത്ത് ഓഫീസ് പരിസരത്തും സാന്ത്വനത്തിന്റെ രോഗപരിശോധനാ സംവിധാനം പ്രവർത്തിക്കും. പതിവായി രക്തപരിശോധന ആവശ്യമുള്ള വയോജനങ്ങൾക്കും കിടപ്പു രോഗികൾക്കും പദ്ധതി ഏറെ പ്രയോജനകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യുക്കുട്ടി മാത്യു പറഞ്ഞു. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ (ഹാപ്) എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ സംസ്ഥാനത്തുടനീളം സാന്ത്വനം പദ്ധതി നടപ്പാക്കുന്നത്. സാന്ത്വനം വോളണ്ടിയർക്ക് കുടുംബശ്രീ മിഷന്റെയും ഹാപ്പിന്റെയും നേതൃത്വത്തിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിനു കീഴിൽ പരിശീലനം നൽകിയിരുന്നു. പരിശോധനകൾക്കാവശ്യമായ മെഡിക്കൽ കിറ്റും യൂണിഫോമും കുടുംബശ്രീയാണ് നൽകുന്നത്. ബി.പി അപ്പാരറ്റസ്, കൊളസ്‌ട്രോൾ മീറ്റർ, ബോഡി ഫാറ്റ് മോണിട്ടർ, ഷുഗർ മീറ്റർ, വെയ്‌റ്റ് മെഷീൻ തുടങ്ങിയവയാണ് കിറ്റിലുള്ളത്. ഇതിന് വോളണ്ടിയറുടെ പേരിൽ പ്രത്യേക ബാങ്ക് വായ്പ അനുവദിച്ചിട്ടുണ്ട്. സാന്ത്വനം വോളന്റിയറുടെ യാത്രാ സൗകര്യത്തിനായി ഇരുചക്ര വാഹനവും വായ്പ സഹായത്തോടെ ലഭ്യമാക്കും.