കോട്ടയം : പരീക്ഷ നടത്തി ശരവേഗത്തിൽ ഫലം പ്രഖ്യാപിച്ച് ചരിത്രം കുറിച്ച എം.ജി യൂണിവേഴ്സിറ്റി കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിംഗിൽ (എൻ.ഐ.ഒ.എസ്) നിന്നുള്ള അയ്യായിരത്തോളം സീനിയർ സെക്കൻഡറി വിദ്യാർത്ഥികളെ പറഞ്ഞു പറ്റിച്ചു! ഡിഗ്രി പ്രവേശനത്തിന് രജിസ്റ്റർ ചെയ്യേണ്ട തീയതിക്ക് ശേഷമാണ് ഇവരുടെ ഫലം വന്നത്. ഇവർക്കും അപേക്ഷിക്കാനുള്ള അവസരം നൽകുമെന്ന് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ആർ.പ്രഗാശ് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇപ്പോൾ കൈമലർത്തുകയാണ്. രണ്ടാംഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചതോടെ സൈറ്റ് തുറന്ന് കൊടുത്താൽ മാത്രമേ മൂന്നാംഘട്ടത്തിലേയ്ക്കെങ്കിലും ഏകജാലകം വഴി അപേക്ഷിക്കാനാവൂ.
മുൻവർഷങ്ങളിൽ ജൂൺ ആദ്യം ഫലപ്രഖ്യാപനം നടത്തുന്നതായിരുന്നു എം.ജി.യൂണിവേഴ്സിറ്റിയുടെ രീതിയെങ്കിലും പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവും സമയത്തിന് നടത്തി കൂടുതൽ പ്രൊഫഷണലായി. എന്നാൽ ജൂൺ ഏഴിന് ശേഷം ഫലം പ്രഖ്യാപിച്ച എൻ.ഐ.ഒ.എസിൽപ്പെട്ട വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി കണ്ടില്ലെന്ന് നടിച്ചു. ഇടയ്ക്ക് പഠനം മുടങ്ങിയവർക്ക് പൂർത്തിയാക്കാനുള്ള അവസരമാണ് എൻ.ഐ.ഒ.എസ് വഴി ലഭിക്കുന്നത്.
സിൻഡിക്കേറ്റംഗം മുൻപ് പറഞ്ഞത്
' വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടെന്നും അലോട്ട്മെന്റ് കാര്യങ്ങൾ നിരീക്ഷിക്കുന്ന സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് കമ്മിറ്റിയിൽ അറിയിച്ച് ഫലം വൈകിയാലും അപേക്ഷിക്കാനുള്ള അവസരം ഒരുക്കുമെന്നുമായിരുന്നു സിൻഡിക്കേറ്റംഗം പ്രഗാശ് മുൻപ് കേരളകൗമുദിയോട് പറഞ്ഞത്. ഫോണിൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും ഈ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല.
'' ഒരു ദിവസമെങ്കിലും സൈറ്റ് തുറന്ന് നൽകിയാൽ ഞങ്ങൾക്ക് അപേക്ഷ നൽകാനാവും. മറ്റ് യൂണിവേഴ്സിറ്റികളിൽ അപേക്ഷ നൽകാനാണ് ഇപ്പോൾ എം.ജിയിൽ നിന്ന് പറയുന്നത്
'' ഷംമാസ്, വിദ്യാർത്ഥി