കോട്ടയം: ട്രാഫിക് ബ്ളോക്കിൽ കുരുങ്ങിയ കഞ്ഞിക്കുഴിയെ രക്ഷിക്കാനുള്ള മുൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം 27ന് നടക്കുന്ന ആർ.ടി.എ യോഗം പരിഗണിക്കും. സ്ഥലം മാറിപ്പോകുന്നതിന് ഹരിശങ്കർ തയ്യാറാക്കിയ നിർദേശം ആർ.ടി.എ യോഗം പരിഗണിച്ച ശേഷം അനുവാദം നൽകൂ.
കഞ്ഞിക്കുഴി ജംഗ്ഷനിലെ പ്രധാന പാതകളായ കെ.കെ റോഡിനും കോട്ടയം–പുതുപ്പള്ളി റോഡിനും പ്രാമുഖ്യം നൽകുന്ന പരിഷ്കാരമാണിത്. ഇറഞ്ഞാൽ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ കഞ്ഞിക്കുഴി ജംഗ്ഷനിൽ യുടേൺ എടുക്കുന്നത് മൂലം പ്രധാന റോഡുകളിലെ ട്രാഫിക് തടസപ്പെടുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഇത് ഒഴിവാകുന്നതോടെ കെ.കെ റോഡ്, പുതുപ്പള്ളി റോഡ് എന്നിവിടങ്ങളിലെ വാഹനങ്ങൾ കാത്തു കിടക്കുന്ന സമയം കുറയ്ക്കാൻ പറ്റും. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി വിജയിച്ചാൽ പ്രാവർത്തികമാക്കാനാണ് ആലോചന. ആവശ്യമെങ്കിൽ വേണ്ട മാറ്റം യോഗം നിർദേശിക്കും.
പ്രധാന നിർദേശങ്ങൾ
കെ.കെ.റോഡ്, കോട്ടയം–പുതുപ്പള്ളി റോഡ് എന്നിവയെ വാഹനങ്ങൾ മുറിച്ചു കടക്കുന്നത് പരമാവധി ഒഴിവാക്കുക
ഇറഞ്ഞാൽ ഭാഗത്ത് നിന്ന് കെ.കെ റോഡിലൂടെ പോകാനുള്ള വാഹനങ്ങൾ മാത്രം ഇതു വഴി കടത്തി വിടും. യു ടേൺ അനുവദിക്കില്ല.
ഇറഞ്ഞാൽ ഭാഗത്ത് നിന്ന് പുതുപ്പള്ളി, ദേവലോകം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ജില്ലാ ജയിലിന് സമീപത്തെ വഴിയിലൂടെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഭാഗത്തെത്തി കെ.കെ റോഡിൽ പ്രവേശിക്കണം. ഇവിടെ നിന്ന് കെ.കെ റോഡിലൂടെ കഞ്ഞിക്കുഴിയിൽ എത്തി പുതുപ്പള്ളി, ദേവലോകം ഭാഗത്തേയ്ക്ക് പോകാം.
പുതുപ്പള്ളി, ദേവലോകം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ മണർകാട്ടേയ്ക്ക് പോകാൻ ഇറഞ്ഞാൽ റോഡ് വഴി താഴേക്കിറങ്ങി മൗണ്ട് കാർമൽ സ്‌കൂളിന് സമീപത്തെത്തി തിരിഞ്ഞ് കെ.കെ.റോഡിലൂടെ പോവണം