vanavaracharanam

വൈക്കം: നഗരസഭയുടെ ശ്മശാന ഭൂമി ശാന്തിവനമെന്ന പേരിൽ മേലങ്കി അണിയുന്നു. വനാവരണം നടത്തിയാണ് ശ്മശാനത്തിന് പുതിയ മുഖം പകരുന്നത്. 11 ാം വാർഡിൽ നഗരസഭയുടെ ആറേക്കർ സ്ഥലം ഇനി വനമേഖലയായി മാറും. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കുന്ന ഷെഡ്ഡിംഗ് യൂണിറ്റും, എം. ആർ. എഫ്. സെന്ററും പ്രവർത്തിക്കുന്ന സ്ഥലത്തോടു ചേർന്നാണ് ശ്മശാനവും. ആറേക്കർ സ്ഥലത്തിന്റെ ചുറ്റുവളപ്പ് വനം വകുപ്പിന്റെ സഹകരണത്തോടെ ഔഷധഗുണമുള്ളതും മേന്മയുള്ളതുമായ മുന്തിയ ഇനം മരങ്ങൾ വച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യം. ഷെഡ്ഡിംഗ് യൂണിറ്റിനും, എം. ആർ. എഫ് സെന്ററിനും ശ്മശാനത്തിനും മരങ്ങൾ തണലേകും. ഓക്‌സിജന്റെ അളവ് വർദ്ധിക്കുന്നത് ഷെഡിംഗ് യൂണിറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണത്തിനും വഴിയൊരുക്കും. മരങ്ങൾ പച്ചപ്പണിയുന്നതോടെ പക്ഷികളുടെ വാസകേന്ദ്രമാക്കുവാനും കഴിയും. ഇതിനായി കൂടുതൽ സംരക്ഷണങ്ങൾ ഒരുക്കുമെന്ന് ചെയർമാൻ പി. ശശിധരൻ പറഞ്ഞു. ലക്ഷ്മിതരു, പ്ലാവ്, നെല്ലി, ഉങ്ക്, നീർമരുത്, ആവൽ, വേങ്ങ, സോപ്പുംകായ, മഞ്ഞക്കടമ്പ്, ഗന്ധപ്പാല തുടങ്ങിയ അമ്പതോളം ഇനങ്ങളിൽപ്പെട്ട ആയിരം തൈകളാണ് ആദ്യഘട്ടത്തിൽ വച്ചു പിടിപ്പിക്കുന്നത്. തൈനടീലിന്റെ ഉദ്ഘാടനം ചെയർമാൻ പി. ശശിധരൻ നടത്തി. ഫോറസ്റ്റ് ഡിവിഷൻ സെക്ഷൻ ഓഫീസർ കെ. എസ്. ചന്ദ്രൻ, ഡിസ്ട്രിക്ട് ഓഫീസർ ജി. പ്രസാദ്. കൗൺസിലർമാരായ എസ്. ഹരിദാസൻ നായർ, എ. സി. മണിയമ്മ, എം. ടി. അനിൽ കുമാർ, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ എൽ. സലിം, എ. അനീസ്, പി. വി. ഷാനാമോൾ, സന്ധ്യാ ശിവൻ എന്നിവർ പങ്കെടുത്തു.