ചങ്ങനാശേരി : റെയിൽവേ സ്റ്റേഷന്റെ പുതിയതായി നിർമ്മിച്ച ടെർമിലിനു സമീപത്തെ സംരക്ഷണഭിത്തിയും തറയും വിണ്ടുകീറിയ നിലയിൽ. ഭിത്തിയിൽ നിന്നു അടർന്നുമാറിയ നിലയിലാണ് തറഭാഗം. സിമന്റ് ഉപയോഗിച്ച തറ 50 മീറ്ററോളം നീളത്തിലാണ് വിട്ടുപോയിരിക്കുന്നത്. അവശേഷിക്കുന്ന സംരക്ഷണഭിത്തിയുടെ ഭാഗം താഴേയ്ക്ക് പതിക്കുമെന്ന അവസ്ഥയിലാണ്. ഇതിനോട് ചേർന്നു തന്നെയാണ് പ്ലാറ്റ്ഫോമും ടാപ്പും സ്ഥിതി ചെയ്യുന്നത്. പുതിയ ടെർമിനലിലാണ് വാഷ്‌റൂം സ്ഥിതി ചെയ്യുന്നത്. മുൻപുണ്ടായിരുന്ന ടെർമിലിലെ ടോയ്‌ലെറ്റ് സൗകര്യം പ്രവർത്തിക്കാത്തതിനാൽ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ പുതിയ കെട്ടിടത്തിലേക്ക് പോകുന്നതിനായി അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. സംരക്ഷണഭിത്തി പുനർനിർമ്മിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.