prkng

ചങ്ങനാശേരി : വിശാലമായ നടപ്പാത, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം. ഇരുചക്ര വാഹനങ്ങൾ സ്ഥലം കൈയടക്കിയപ്പോൾ റോഡിലേക്ക് ഇറങ്ങി നടക്കാനാണ് കാൽനടയാത്രക്കാരുടെ വിധി. തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്ന റോഡിലൂടെ വിദ്യാർത്ഥികളടക്കം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. നോപാർക്കിംഗ് ബോർഡുകളുടെ കീഴിലാണ് പലരും ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത്. എന്നിട്ടും അധികൃതർക്ക് ഇതൊന്നും കണ്ടഭാവമില്ല. സെൻട്രൽ ജംഗ്ഷൻ മുതൽ ചെറുഇടവഴികളിൽ പോലും സ്ഥിതി ഇതാണ്. അനധികൃത കച്ചവടവും തകൃതിയാണ്. സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവച്ചാണ് കച്ചവടം. തട്ടുകളിലെ ഓയിലും കരിയും ഇന്റർലോക്ക് ചെയ്ത നടപ്പാതകളിൽ കാണാം. നഗരത്തിലെ ഗതാഗതക്കുരുക്കിനും അനധികൃത പാർക്കിംഗ് കാരണമാകുന്നുണ്ട്.