പാലാ : രക്തദാനദിനത്തോടനുബന്ധിച്ച് ജില്ലയിൽ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പാലയിൽ നടന്ന മെഗാരക്തദാന ക്യാമ്പിൽ സബ് കളക്ടർ ഈഷ പ്രിയ , വൃക്ക ദാതാവും പാലാ സഹായമെത്രാനുമായ മാർ ജേക്കബ് മുരിക്കൻ, നൂറ് തവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റം തുടങ്ങി 101 പേർ രക്തം ദാനം ചെയ്തു. സെന്റ് തോമസ് കോളേജ് , അൽഫോൻസ കോളേജ്, ദേവമാതാ കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്, എൻസിസി വോളന്റിയർമാരും രക്തദാനം നടത്തി. ലയൺസ് എസ്.എച്ച്.എം.സി, മരിയൻ ഹോസ്പിറ്റൽ, ഐ.എച്ച്.എം ഭരണങ്ങാനം എന്നീ രക്തബാങ്കുകൾ രക്തം ശേഖരിച്ചു.
ഷിബു തെക്കേമറ്റത്തിന് പുരസ്‌കാരം സമ്മാനിച്ചു
ജില്ലയിൽ രക്തസുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ യുവജങ്ങൾ മുന്നോട്ട് വരണമെന്ന് പാലാ ടൗൺ ഹാളിൽ നടന്ന ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജിജോജോ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഈഷ പ്രിയ രക്തദാനസന്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ.ട്വിങ്കൾ പ്രഭാകരൻ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം കൺവീനർ സാബു എബ്രഹാം, ജനമൈത്രി പൊലീസ് സി.ആർ.ഒ ബിനോയ് തോമസ് എന്നിവർ സംസാരിച്ചു.