ഏറ്റുമാനൂർ : കടുത്ത പനിയുമായെത്തിയ രണ്ടര വയസുകാരിയ്ക്ക് അതിരമ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയിൽ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി. അതിരമ്പുഴ കുളങ്ങരയിൽ വീട്ടിൽ ജിൻസ് കുര്യനാണ് തന്റെ മകൾക്ക് ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് മെഡിക്കൽ ഓഫീസറായ ഡോ. റോസിലിന് പരാതി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പനി ബാധിച്ച് അവശതയിലായ രണ്ടര വയസുകാരിയായ മകളെ ഡോക്ടറെ കാണിക്കുന്നതിനാണ് ജിൻസിന്റെ ഭാര്യ അതിരമ്പുഴ ആശുപത്രിയിലെത്തിയത്. രാവിലെ ഏഴുമണിയ്‌ക്കെത്തിയ ഇവർ ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും ഒ പി സമയം ആയില്ലെന്ന് പറഞ്ഞ് ഡോക്ടർ ഒഴിവാകുകയായിരുന്നുവെന്നാണ് പരാതി. ഒമ്പത് മണി മുതലാണ് ഒ.പിയെന്നും ആ സമയത്ത് വന്നാൽ മതിയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. ഇതേ സമയം പനി കൂടിയതിനെ തുടർന്ന് രണ്ടര വയസുകാരി നിരവധി തവണ ഛർദ്ദിച്ചെന്നും.കുട്ടി അവശതയിലാണെന്ന് ഡോക്ടറെ ധരിപ്പിച്ചിട്ടും പരിശോധന സമയമാകട്ടെയെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതരെന്നും ജിൻസ് നൽകിയ പരാതിൽ പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിന് ശേഷം ഒ.പി ടിക്കറ്റെടുത്താണ് തങ്ങൾക്ക് ഡോക്ടറെ കാണാനായതെന്നും ജിൻസ് പറയുന്നു. ആരോപണത്തിന്റെ നിജ സ്ഥിതി അറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് അധികൃതർ.