etr-

ഏറ്റുമാനൂർ: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ആദ്യ മഴയിൽ തന്നെ ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വെള്ളക്കെട്ടായി. ചെളി വെള്ളത്തിൽ വീണ് യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്.

ഏറ്റുമാനൂരിലെ താഴ്ന്ന പ്രദേശമായ ബസ് സ്റ്റാൻഡും പരിസരവും മഴ പെയ്താൽ വെള്ളത്തിനടിയിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാത്തിരുപ്പ് കേന്ദ്രം ഉയർത്തി പണിയണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടെങ്കിലും അധികൃതർ കൂട്ടാക്കിയില്ല. സമീപ പ്രദേശങ്ങൾ മണ്ണിട്ട് മൂടിയതോടെ മഴ കനത്താൽ കാത്തിരിപ്പ് കേന്ദ്രവും വെള്ളത്തിലാകുമെന്ന സ്ഥിതിയിലാണ്.

പകർച്ച പനികൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിലും ചെളിവെള്ളത്തിലൂടെ നീന്തിവേണം യാത്രക്കാർക്ക് ബസിൽ കയറാൻ.

ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഓട വെട്ടി വെള്ളക്കെട്ട് ഒഴിവാക്കാനോ,നിലവിലുള്ള ഓടകൾ തെളിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി..


 സ്റ്റേഷൻ മാസ്റ്ററില്ല, എൻക്വയറി ആഫീസ് പൂട്ടി


ലക്ഷങ്ങൾ മുടക്കി ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയ ബസ് സ്റ്റാൻഡ് ഇന്ന് പരാധീനതകളുടെ നടുവിലാണ്. ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്ററോ, മറ്റ് ജീവനക്കാരോ ഇല്ല. മാസങ്ങളായി എൻക്വയറി കൗണ്ടർ പൂട്ടിയിട്ട നിലയിലാണ്. ബസിന്റെ സമയമറിയാൻ സമീപത്തെ വ്യാപാര കേന്ദങ്ങളെ സമീപിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇതേ സമയം ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ആഫീസ് തുറന്ന് പ്രവർത്തിക്കാത്തതെന്നാണ് അധികൃതരുടെ വാദം.

 കംഫർട്ട് സ്റ്റേഷനും പൂട്ടു വീണു


ദൂരെ സ്ഥലങ്ങളിൽ നിന്ന് നൂറ് കണക്കിനാളുകൾ വന്നു പോകുന്ന സ്ഥലമാണ് ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്,ഇവരുടെ സൗകാര്യാർത്ഥമാണ് പുതിയ കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഇരു വശങ്ങളിലുമായി ശൗചാലയങ്ങൾ സ്ഥാപിച്ചത്. കരാർ അടിസ്ഥാനത്തിലായിരുന്നു ഇവയുടെ പ്രവർത്തനം. ഇവ കഴിഞ്ഞ ഒന്നര വർഷക്കാലമായി പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.