കോട്ടയം : കാൻസറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നടത്തി കുപ്രസിദ്ധി നേടിയ കോട്ടയം മെഡിക്കൽ കോളേജിൽ പാതോളജി ലാബിൽ നിന്നുള്ള പരിശോധനാഫലം ഏറെ വൈകുന്നത് കാൻസർ രോഗികളെ വലയ്ക്കുന്നു. ഫലം വൈകുന്നതിനാൽ ഓപ്പറേഷന് വിധേയരായ രോഗികൾക്ക് കീമോതെറാപ്പി നടത്താൻ ഡോക്ടർമാർ തയ്യാറാകുന്നില്ല. കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന ഗുരുതരസ്ഥിതി ആയിട്ടും ഫലം വരട്ടെയെന്ന് പറഞ്ഞ് ഡോക്ടർമാർ കൈ മലർത്തുകയാണ്.
അയ്മനം സ്വദേശിയായ രോഗി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എൻഡോസ്‌കോപ്പി, കൊളോണസ്‌കോപ്പി, ബയോപ്‌സി, സ്‌കാനിംഗ് എന്നിവ നടത്തി ആമാശയത്തിൽ കാൻസറുണ്ടെന്ന റിപ്പോർട്ട് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം ഒ.പിയിലെ ഡോക്ടർക്ക് നൽകി. സ്വകാര്യ ആശുപത്രിയിലെടുത്ത ബയോപ്‌സി സാമ്പിൾ വാങ്ങി മെഡിക്കൽ കോളേജിലെ പതോളജി ലാബിൽ കൂടി കൊടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. കഴിഞ്ഞ ഫെബ്രുവരി 5 ന് സാമ്പിൾ കൊടുത്തെങ്കിലും രോഗിക്കൊപ്പമുള്ളവർ പല തവണ കയറിയിറങ്ങിയിട്ടും ഫലം കിട്ടിയില്ല. 'ഭയങ്കര തിരക്കാണെന്നായിരുന്നു' ന്യായം.

അവസാനം സ്വകാര്യ ആശുപത്രിയിലെ പരിശോധനാഫലം വച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർ കീമോതെറാപ്പി തുടങ്ങി. മൂന്ന് കീമോ കഴിഞ്ഞ മേയ് 2 ന് ശസ്ത്രക്രിയയും നടത്തി. കുടലിലെ ഭാഗങ്ങൾ ബയോപ്‌സിക്കായി മെഡിക്കൽ കോളേജിലെ പാതോളജി ലാബിൽ അന്നു തന്നെ നൽകി. കാൻസർ ഒ.പിയിലെ ഡോക്ടർക്ക് പരിശോധനാ ഫലം നൽകുമെന്ന് അറിയിച്ചെങ്കിലും ഒന്നര മാസം ആകാറായിട്ടും ഫലം നൽകിയില്ല. രോഗിക്കൊപ്പമുള്ളവർ പാതോളജി ലാബിലെത്തിയപ്പോൾ പരിശോധന കഴിഞ്ഞെന്നും ടൈപ്പ് ചെയ്യാൻ ആളില്ലാത്തതാണ് ഫലം വൈകുന്നതിന് കാരണമെന്നുമാണ് ജീവനക്കാർ പറയുന്നത്. ബയോപ്സി ഫലം സർജറി ഡോക്ടർ കാൻസർ വിഭാഗത്തിലെ ഡോക്ടർക്ക് കൈമാറിയാലേ കീമോ ആരംഭിക്കാൻ കഴിയൂ.

സ്വകാര്യ ലാബിൽ ഫലം ലഭിക്കാൻ 5 ദിവസം

സ്വകാര്യ ലാബിൽ ബയോപ്‌സി ഫലം അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുമായിരുന്നു. ഈ ഫലം വച്ച് കാൻസർ ഇല്ലാത്ത രോഗിക്ക് മെഡിക്കൽ കോളേജിലെ ഡോക്ടർ കീമോ ചെയ്തത് ക്രിമിനൽ കേസായതോടെ സ്വകാര്യ ലാബിലേക്ക് എഴുതി കൊടുക്കുന്നത് ഡോക്ടർമാർ നിറുത്തി. മെഡിക്കൽ കോളേജ് ലാബിലെ ഫലം അനന്തമായി നീളുകയും സ്വകാര്യ ലാബിൽ പരിശോധനയോട് ഡോക്ടർമാർ തത്കാലം മുഖം തിരിഞ്ഞു നിൽക്കുന്ന ഗുരുതര സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ജോലി ഭാരം കൂടിയതനുസരിച്ച് ആവശ്യത്തിന് ജീവനക്കാരില്ലാതെ തങ്ങൾ എന്തു ചെയ്യുമെന്നാണ് പാതോളജി വിഭാഗത്തിലുള്ളവർ ചോദിക്കുന്നത്. ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജ് ലാബിലെ പരിശോധന വേഗത്തിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ആദ്യ സാമ്പിൾ കൊടുത്തത് : ഫെബ്രുവരി 5 ന്

സ്വകാര്യ ലാബ് പരിശോധനഫലം വച്ച് കീമോനടത്തി

മേയ് 2 ന് ശസ്ത്രക്രിയ, വീണ്ടും സാമ്പിൾ നൽകി