കോട്ടയം: നാട്ടിൽ നിപ ഇറങ്ങിയതോടെ റമ്പുട്ടാനെ മറുനാട്ടുകാരും കൈവിട്ട അവസ്ഥയാണ്. കേരളത്തിലെ വിപണിയിൽ പരാജപ്പെട്ട റമ്പുട്ടാനെ തമിഴ്നാട്ടുകാർക്കും വേണ്ടാതായി. ദേശത്തും വിദേശത്തും ഒരു പോലെ ആവശ്യക്കാരുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കയറ്റുമതിയുടെ കാര്യത്തിലും മങ്ങലായി. ഇതോടെ റമ്പുട്ടാന്റെ വില കുത്തനെ ഇടിഞ്ഞു.
വഴിയോരങ്ങളിൽ പെട്ടിഓട്ടോയിലും തട്ടുകളിലും കച്ചവടം നടത്തിയവർക്ക് വലിയ തട്ടുകേടായി. സീസണായിട്ടു കൂടി ഒരു കിലോ റമ്പുട്ടാൻ പോലും വിൽക്കാത്ത ദിവസങ്ങളുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. മൊത്ത കച്ചവടക്കാരും ഇപ്പോൾ റമ്പുട്ടാൻ വാങ്ങാൻ മടിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ നിരാശയിലാണ് റമ്പുട്ടാൻ കർഷകരും കച്ചവടക്കാരും.
അറേബ്യൻ രാജ്യങ്ങളിലുൾപ്പടെ ലക്ഷക്കണക്കിനു രൂപയുടെ റമ്പുട്ടാനാണ് പ്രതിവാരം കയറ്റിയയ്ച്ചിരുന്നത്. എന്നാൽ കേരളത്തിൽ നിപ പടർന്നതായി വിദേശത്തും പ്രചരണം കൊഴുത്തതോടെ അവിടുത്തെ സർക്കാരും പനിയെക്കുറിച്ചും പകരുന്ന പഴ വർഗങ്ങളെക്കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
വവ്വാലുകളുടെ ഇഷ്ട ഭക്ഷണമാണ് റമ്പുട്ടാൻ പഴം. വാവലുകളാണ് നിപ പരത്തുന്നതെന്ന വാർത്ത പരന്നതോടെയാണ് ആളുകൾ ഇത് കഴിക്കാൻ മടിക്കുന്നത്. മരം മൊത്തമായി വലയിട്ട് പഴത്തെ സംരക്ഷിക്കുന്നുണ്ടെങ്കിലും പലരും അത് കഴിക്കാൻ മടിക്കുകയാണ്. ഇതാണ് വില ഇത്രപെട്ടെന്ന് താഴാൻ കാരണം. മേയ് മുതൽ ആഗസ്റ്റ് മാസം വരെയാണ് റമ്പുട്ടാന്റെ വിളവെടുപ്പ്. വിളവെടുപ്പ് കാലമായിട്ടും കർഷകർക്കും കച്ചവടക്കാർക്കും വിലയിടിവ് ഇരുട്ടടിയായിരിക്കുകയാണ്. കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന റമ്പുട്ടാന് ഇപ്പോൾ 80 ന് പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയിലാണ്.
റബറിന് വില കുറഞ്ഞതോടെ പത്തനംതിട്ട, ഇടുക്കി ജില്ലയിലെ കർഷകർ റമ്പുട്ടാൻ കൃഷിയിലേക്ക് മാറിയിരുന്നു. പത്തും പന്ത്രണ്ടും ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയവരുണ്ട്. പതിനഞ്ച് വർഷം വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നും 50,000 രൂപ വരെ ലഭിച്ചിരുന്നു.
50 സെന്റിൽ നിന്ന് ശരാശരി മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്.
മൂന്നാം വർഷം മുതൽ റമ്പുട്ടാൻ കായ്ച്ചുതുടങ്ങും. കാര്യമായ പരിചരണം വേണ്ടെന്നതാണ് ഈ കൃഷിയുടെ ഗുണം. കീടനാശിനി പ്രയോഗവും വേണ്ട. ചാണകമാണ് പ്രധാന വളം. മറ്റ് പഴങ്ങളെപ്പോലെ പെട്ടെന്ന് പഴുത്തുപോവുകയില്ലായെന്ന ഗുണവും റമ്പുട്ടാൻ കൃഷിക്ക് ഉണ്ട്. ഇതൊക്കെയാണ് റമ്പുട്ടാൻ മാറുവാൻ കർഷകർ മാറുവാൻ കാരണം. പക്ഷെ ഇപ്പോൾ ഇതെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.