dental-college

കോട്ടയം : സംസ്ഥാനത്തെ 5 ഗവ. ഡെന്റൽ കോളേജുകളിൽ സ്ഥിര അദ്ധ്യാപക നിയമനം മുടങ്ങിയതുമൂലം രോഗികളുടെ ചികിത്സയും വിദ്യാർത്ഥികളുടെ പഠനവും അവതാളത്തിലായിരിക്കയാണ്. ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ പരിശോധന വന്നാൽ അദ്ധ്യാപകരുടെ കുറവ് മൂലം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ബി.ഡി.എസ്./എം.ഡി.എസ്. കോഴ്‌സുകളുടെ അംഗീകാരം നഷ്ടപ്പെടാനിടയുണ്ട്.

ഡി.സി.ഐ 2017 ൽ നിർദ്ദേശിച്ച പ്രകാരമുള്ള അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ നികത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. തസ്തിക നിർണയം പൂർത്തിയായിട്ടില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭാചോദ്യത്തോരവേളയിൽ അറിയിച്ചിട്ട് 15 മാസം കഴിഞ്ഞിട്ടും പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. ഇത് മൂലം നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർമാരുടെ സ്ഥാനക്കയറ്റവും വഴിമുട്ടി.

2017 ൽ പി.എസ്.സി പുതിയ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും നിയമനം നടത്തിയിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള അലിഖിത നിർദ്ദേശങ്ങളും, പ്രളയത്തിന്റെ മറവിലെ നിയമന നിരോധനവുമാണ് ഡെന്റൽ കോളേജുകളെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. അതേസമയം വർഷങ്ങളായി അസി.പ്രൊഫസർമാരുടെ തസ്തികയിലേക്ക് താത്കാലിക നിയമനങ്ങൾ നടക്കുന്നുണ്ട്.

2007 മുതൽ 56 പേർക്ക് മാത്രമാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം ലഭിച്ചത്.

 തസ്തികനിർണയം പൂർത്തിയായിട്ടില്ല. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജീവനക്കാർ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

- മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞത്