കോട്ടയം : ട്രോളിംഗ് നിരോധനകാലത്തെ മത്സ്യക്ഷാമം പരിഹരിക്കാൻ അല്പം കോഴിയിറച്ചി കഴിക്കാമെന്ന് വച്ചാൽ കീശ കാലിയാകും. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 125 ന് മുകളിലാണ് വില. മീൻപിടിത്തക്കാർ കടലിൽ പോകുന്നില്ലെങ്കിലും നാട്ടിലെ മാർക്കറ്റിൽ മത്സ്യം കിട്ടും. അതു വാ

ങ്ങിയാൽ 'വലിയവില കൊടുക്കേണ്ടി വരികയും' ചെയ്യും. എന്നാലും അല്പം ഇറച്ചിയോ മീനോ കഴിച്ചേ മതിയാകൂവെന്ന് വാശിയുള്ളവർക്കായി മണർകാടുള്ള പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം ഒരാനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കിലോ നാടൻ കോഴിക്ക് വില 80 രൂപ!

സ്റ്റോക്ക് തീരുംവരെയാണ് ഈ കിടിലൻ ഓഫർ. പൂവനും പിടയുമൊക്കെയായി 600 ലേറെ കോഴികളുണ്ട് വില്പനയ്ക്ക്. ഓരോന്നും ശരാശരി രണ്ട് കിലോ തൂക്കം വരും. നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും , 2.30 മുതൽ 3.30 വരെയും ഫാം ഓഫീസിൽ നിന്ന് ആവശ്യക്കാർക്ക് കോഴികളെ നേരിട്ട് വാങ്ങാം. മുട്ടയുല്പാദനത്തിന് വേണ്ടി വളർത്തുന്ന കോഴികളെ ഒന്നര വയസ് പ്രായമാകുമ്പോൾ വിറ്റഴിക്കുന്ന രീതിയുണ്ട്. അതുപ്രകാരമുള്ള കച്ചവടമാണ് ഇപ്പോൾ നടക്കുന്നത്. ഇങ്ങനെ വല്ലപ്പോഴുമൊക്കെ ഫാമിൽ നിന്ന് ഇറച്ചിക്കോഴികളെ വില്ക്കാറുണ്ടെങ്കിലും അതിന്റെ ആനുകൂല്യം സാധാരണക്കാർക്ക് കിട്ടാറില്ല. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കോഴികളെ മൊത്തക്കച്ചവടക്കാർ കൂട്ടത്തോടെ സ്വന്തമാക്കി കൂടിയവിലയ്ക്ക് മറിച്ചുവില്ക്കുകയാണ് പതിവ്. ഇത് ഒഴിവാക്കാൻ ആവശ്യക്കാർ നേരിട്ടെത്തി ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മണർകാട് റീജിയണൽ പൗൾട്രി ഫാം അസി. ഡയറക്ടർ അറിയിച്ചു.