വൈക്കം: ഒടുവിൽ വിഷപ്പാമ്പുകളും. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതം പൂർണ്ണമായി. കഴിഞ്ഞ ദിവസം പ്രായമായ സ്ത്രീകളുടെ വാർഡായ ഒന്നാം വാർഡിന്റെ മേൽക്കൂരയിൽ നിന്നും രാത്രി പത്തു മണിയോടെ നാലടിയോളം നീളം വരുന്ന വിഷപ്പാമ്പ് കിടപ്പു രോഗികളുടെ കട്ടിലിനിടയിൽ വീണു. രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും നിലവിളി കേട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എത്തിച്ചേർന്നെങ്കിലും പാമ്പിനെ കൊല്ലാനാവാതെ മടങ്ങി. ഒടുവിൽ രോഗികളുടെ കൂട്ടിരിപ്പുകാരായി പുറത്തുണ്ടായിരുന്ന പുരുഷന്മാർ ചേർന്ന് പാമ്പിനെ കൊന്നു.
നൂറു വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടങ്ങളുടെ വശങ്ങളിൽ വൻ തണൽമരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ അതിലൂടെയാണ് പാമ്പ്, അട്ട, എട്ടുകാലി തുടങ്ങിയവ വാർഡിനകത്തു കയറുന്നത്. വാർഡുകളുടെ വശങ്ങളിൽ നിറയെ കാടുപിടിച്ചു കിടക്കുന്നതിനാൽ അടച്ചുറപ്പില്ലാത്ത ജനാലകളിലൂടെയും പാമ്പും പഴുതാരയും മറ്റും വാർഡിൽ കയറുന്നത് പതിവാണെന്ന് രോഗികൾ പറയുന്നു. ഇതിനെല്ലാം പുറമേ രൂക്ഷമായ കൊതുകുശല്ല്യവും. പ്രായമായവരടക്കം മുപ്പതിലധികം സ്ത്രീകൾ കിടക്കുന്ന ഈ വാർഡിന്റെ സുരക്ഷിതത്വത്തിന് നടപടി വേണമെന്ന ആവശ്യം നേരത്തേ മുതലുണ്ട്. പഴമയുടെ ജീർണ്ണതയിൽ പഴയ വാർഡായതിനാൽ മഴ പെയ്താൽ ചോർന്നൊലിക്കും. പലപ്പോഴും രോഗികൾ കുട നിവർത്തിപ്പിടിച്ചാണ് മഴക്കാലത്ത് കഴിച്ചുകൂട്ടുന്നത്. സ്ത്രീകളുടെ ഈ വാർഡിന് സ്വന്തമായി ഒരു ബാത്ത് റൂം പോലുമില്ല. പഴക്കം ചെന്നതും ചോർന്നൊലിക്കുന്നതുമായ ഒരെണ്ണം പുറത്തുണ്ടെങ്കിലും രാത്രി കാലങ്ങളിൽ അവശരായ രോഗികൾക്ക് ഇത് ഉപയോഗിക്കുക പ്രയാസകരമാണ്. നിയോജക മണ്ഡലത്തിലെ പ്രധാന ചികിത്സാ കേന്ദ്രമായ വൈക്കം താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലതും ഇപ്പോഴും ഫയലുകളിൽ ഉറങ്ങുകയാണ്.
ബിജു. വി. കണ്ണേഴൻ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ
നൂറ്റാണ്ടിന് മേൽ പഴക്കമുള്ള കെട്ടിടങ്ങളാണ്. അവയെല്ലാം പൊളിച്ചുനീക്കി പുതിയവ നിർമ്മിക്കുക പ്രായോഗികമല്ല. അതേസമയം തുടർന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി കെട്ടിടങ്ങളുടെ മേൽക്കൂരകൾ വൃത്തിയാക്കുക, കെട്ടടത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ, ചുറ്റുമുള്ള കാടുംപടലും വെട്ടിനീക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തും.
കൂട്ടിന് പാമ്പും, എട്ടുകാലിയും അട്ടയും പഴുതാരയും.
സ്ത്രീകളുടെ മുറിയിൽ ബാത്ത്റൂം ഇല്ല.
മഴക്കാലമായൽ ചോർന്നോലിക്കും
അടച്ചുറപ്പില്ലത്ത ജനലുകൾ