vembanadu

വൈക്കം: വേമ്പനാട്ടുകായലിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ പൊളിച്ചു നീക്കണമെന്ന കോടതി ഉത്തരവിനെ തുടർന്ന് വലകൾ നീക്കിയ ഫിഷറീസ് അധികൃതരും വല സ്ഥാപിച്ചവരും തമ്മിൽ വേമ്പനാട്ടു കായലിൽ സംഘർഷം. വെച്ചൂരിൽ തണ്ണീർമുക്കം ബണ്ടിനു സമീപം കായലിൽ അനധികൃതമായി സ്ഥാപിച്ച ഏഴോളം ചീനവലകൾ അധികൃതർ കഴിഞ്ഞ ദിവസം മുറിച്ചുനീക്കിയപ്പോഴാണ് വല സ്ഥാപിച്ചവരും തൊഴിലാളികളും എതിർപ്പുമായി രംഗത്ത് വന്നത്. കായലോരത്തു നിലയുറപ്പിച്ചിരുന്നവർക്കു പുറമെ കായലിൽ വള്ളങ്ങളിൽ സ്ത്രീകളടക്കമുള്ളവർ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് ഫിഷറീസ് അധികൃതർ ജില്ലാ കളക്ടർ പി.എസ്.സുധീർ ബാബുവുമായി ബന്ധപ്പെട്ടു. കളക്ടറുമായി നടന്ന അനുരഞ്ജന ചർച്ചയെ തുടർന്ന് പത്ത് ദിവസത്തിനകം അനധികൃതമായി സ്ഥാപിച്ച ചീനവലകൾ സ്ഥാപിച്ചവർ തന്നെ സ്വന്തം നിലയ്ക്ക് നീക്കണമെന്ന വ്യവസ്ഥയിൽ അധികൃതർ നടപടി അവസാനിപ്പിച്ചു മടങ്ങി. കായലിൽ സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഫയർഫോഴ്‌സും സ്‌കൂബ ഡൈവിംഗ് ടീമും വൈക്കം, തലയോലപ്പറമ്പ് സി. ഐ. മാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സംഭവസ്ഥലത്തുണ്ടായിരുന്നു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ.ജുഗുനു, വൈക്കം ഫിഷറീസ് ഇൻസ്‌പെക്ടർ ബി.നൗഷാദ്, താലൂക്ക് അക്വാകൾച്ചറൽ നോഡൽ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, സി.പ്രീതി, ഫിഷറീസ് ഉദ്യോഗസ്ഥരായ നൗഫൽ, ഗിരീഷ് തുടങ്ങിയവർ നടപടിക്ക് നേതൃത്വം നൽകി. വൈക്കം കായലിൽ 168 ഓളം ചീനവലകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. അനധികൃതമായി മീറ്ററുകളോളം ദുരത്തിൽ വീടുകളിൽ നിന്നു വൈദ്യുതി പ്രവഹിപ്പിച്ചാണ് ചീനവലകളിൽ ശക്തിയേറിയ ബൾബുകൾ തെളിയിച്ചാണ് മത്സ്യങ്ങളെ ആകർഷിച്ചുപിടിക്കുന്നത്. വലകളിൽ ചെറിയ മത്സ്യങ്ങളെ പോലും അരിച്ചു പിടിക്കാൻ പോന്ന പറ്റുകണ്ണിവലകളാണ് ചീനവലകളിൽ ഉപയോഗിക്കുന്നതെന്ന ആരോപണവും ശക്തമായിരുന്നു.