തലയോലപ്പറമ്പ്: കോട്ടയം എറണാകുളം റൂട്ടിൽ ക്യാൻസർ, വൃക്കരോഗികൾ ഉൾപ്പടെയുള്ളവർക്ക് സൗജന്യ യാത്ര സർവീസ് നടത്തി കാരുണ്യത്തിന്റെ കൈത്താങ്ങായി മാറിയ ആവേ മരിയ ബസ് ഉടമയെയും ജീവനക്കാരെയും ആദരിച്ചു. കുറുപ്പന്തറയിലെ മലഞ്ചരക്കുവ്യാപാര സ്ഥാപനമായ ജെ. എം.ജെ ഉടമ ജയ്‌മോൻ ജോസഫാണ് സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഭാഗമായി തന്റെ 14 ബസുകളിലും ക്യാൻസർ, വൃക്കരോഗികൾക്കും, അന്ധ, ബധിര, മൂകർക്കും യാത്രാ സൗജന്യം അനുവദിച്ചത്. നീർപാറ അന്ധബധിര വിദ്യാലയത്തിലെ കുട്ടികൾക്കും ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. ബസുടമയുടെ ഈ കാരുണ്യസ്പർശത്തിന് പിന്തുണയുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഓൾ കേരള ബസ് ഫാൻസ് ഇന്നലെ രാവിലെ തലയോലപ്പറമ്പ് ബസ് ടെർമിനലിൽ വച്ച് ആവേ മരിയ ഉടമ ജയ് മോനെയും ബസ് ജീവനക്കാരെയും ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം സജിമോൻ വർഗ്ഗീസ് പൊന്നാട അണിയിച്ച് ആദരിച്ചു. ഫാൻസ് ഭാരവാഹികൾ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന എല്ലാ രോഗികൾക്കും യാത്രാ സൗജന്യം ഏർപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് ബസ് ഉടമ പറഞ്ഞു.