വൈക്കം: വൈക്കത്തെ ക്ഷേത്ര കലാപീഠത്തിന്റെ വിഷയത്തിൽ ദേവസ്വം മന്ത്രിയും എം.എൽ.എ യും കള്ളനും പൊലീസും കളിച്ച് ജനത്തെ വഞ്ചിക്കുകയാണെന്ന് വൈക്കം ബ്ലോക്ക് കോൺഗ്രസ് (ഐ) കമ്മിറ്റി ആരോപിച്ചു. ക്ഷേത്ര കലാപീഠം നില നിർത്തുമെന്ന് നിയമസഭയിൽ വകുപ്പ് മന്ത്രി ഉറപ്പു നൽകിയപ്പോൾ തന്നെ നാദസ്വരം, തകിൽ കോഴ്‌സുകൾ ആറ്റിങ്ങലിലേക്ക് മാറ്റിയിരുന്നു. ഈ രണ്ടു കോഴ്‌സുകൾക്ക് വൈക്കത്ത് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ആറ്റിങ്ങലിലാണ് ക്ലാസ് നടക്കുന്നത്. ഇതിനായി അദ്ധ്യാപകരേയും അങ്ങോട്ടേക്ക് മാറ്റിയിട്ടുണ്ട്. ഈ വസ്തുത മറച്ചു വച്ചു കൊണ്ട് മന്ത്രിയും എം.എൽ.എ യും നാടകം കളിക്കുകയാണെന്നും വൈക്കം നിയോജക മണ്ഡലത്തിലേക്ക് പുതിയ സർക്കാർ സ്ഥാപനങ്ങളൊന്നും കൊണ്ടുവരുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ളവ പോകുന്ന സ്ഥിതിയാണെന്നും കമ്മിറ്റി ആരോപിച്ചു. കെ.എസ്.ആർ.ടി.സി. ഗുരുവായൂർ സർവീസിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും വൈക്കം ഡിപ്പോയിൽ ഉണ്ടായിരുന്ന പുതിയ ലെയ്‌ലാന്റ് ബസ് പാറശ്ശാലക്ക് കൊണ്ടു പോയത് വിവാദമായപ്പോൾ തിരിച്ചു കൊണ്ടുവന്നെന്ന് പ്രസ്താവന ഇറക്കിയെങ്കിലും കിട്ടിയത് പഴയ ബെൻസ് വണ്ടിയാണെന്നും അതാണെങ്കിൽ മിക്കപ്പോഴും കട്ടപ്പുറത്തുമാണെന്ന് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആരോപിച്ചു. അഡ്വ.വി.വി.സത്യൻ, അബ്ദുൾ സലാം റാവുത്തർ, പി.എൻ.ബാബു, ജയ് ജോൺ പേരയിൽ, ടി.ടി.സുദർശനൻ, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാർ, ശ്രീദേവി അനിരുദ്ധൻ, പി.എൻ.കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.