കോട്ടയം : കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിശ്വാസികളെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടിയാണെന്ന് എൻ.എസ്.എസ്. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ സംസ്ഥാനമെടുത്ത തെറ്റായ നടപടിയിലും അത് പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ വരുത്തിയ വീഴ്ചയിലുമുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് പ്രതിഫലിച്ചത്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കാണുന്ന ശബരിമല അയ്യപ്പനോട് അനാദരവ് കാട്ടിയപ്പോൾ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ വിശ്വാസി സമൂഹം പ്രതികരിച്ചു. മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്. അവിടെ രാഷ്ട്രീയ നിലപാടുകൾക്ക് പ്രസക്തിയില്ലെന്ന കാര്യം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മനസിലാക്കണമെന്നും മുഖപത്രമായ സർവീസിലെ മുഖപ്രസംഗത്തിൽ പറയുന്നു.