കോട്ടയത്ത് ചുമതലയേറ്റ പുതിയ ജില്ലാ പൊലീസ് മേധാവിക്ക് ചുറ്റുവട്ടം സ്വാഗതമോതുന്നു . ഒപ്പം ജനകീയ ആവശ്യങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ തന്റേടമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
മത രാഷ്ടീയ സാമുദായിക സമ്മർദ്ദങ്ങളാൽ ഒന്നും ചെയ്യാനാവാതെ വന്ന പോലെ പോകുന്നവരാണ് മിക്ക പൊലീസ് മേധാവികളും. ഋഷിരാജ് സിംഗിനെപോലെ വിരലിലെണ്ണാവുന്നവർ മാത്രമാണ് സ്വാധീനങ്ങൾക്ക് വഴങ്ങാതെ ജനപക്ഷത്തു നിന്ന് ചില കാര്യങ്ങളെങ്കിലും ചെയ്തവർ.
കോട്ടയത്തെ ഓട്ടോറിക്ഷക്കാരെ നിയന്ത്രിക്കാൻ കളക്ടർക്കോ എസ്.പിക്കോ തന്റേടമില്ലെന്ന് വിശ്വസിക്കുന്നവരാണ് അനുഭവസ്ഥരായ സാധാരണക്കാർ. മീറ്റർ നിർബന്ധമാക്കാനോ റെയിൽവേ സ്റ്റേഷനിൽ പോലും പ്രീപെയ്ഡ് കൗണ്ടർ തുടങ്ങാനോ കഴിയാത്തവരായിരുന്നു പലരും . പുതിയ പൊലീസ് മേധാവി ചുമതലയേറ്റപ്പോൾ തന്നെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് കുറുപ്പിന്റെ ഉറപ്പു പോലെ ആകരുതെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.
25 രൂപയാണ് ഓട്ടോയ്ക്ക് മിനിമം നിരക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് . ഈ മിനിമം തുക വാങ്ങുന്ന ഓട്ടോക്കാരെ മഷിയിട്ട് നോക്കിയാൽ കിട്ടില്ല . 30 മുതൽ 40 വരെയാണ് മിക്കവരും വാങ്ങുന്നത്. 50 കൊടുത്താൽ ചില്ലറയില്ലെന്നു പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കുന്നവരും ഏറെയാണ് . ഈ കൊള്ള സഹിക്കാൻ കഴിയാതെ മീറ്ററിലുള്ളതോ അതിൽ കൂടുതലോ കൊടുക്കാൻ തയ്യാറാണെങ്കിലും ഒരാൾ പോലും മീറ്റർ പ്രവർത്തിപ്പിക്കില്ല . പിന്നെന്തിന് മീറ്റർ വാങ്ങിവെച്ചിരിക്കുന്നുവെന്നു നാട്ടുകാർക്ക് ചോദിക്കണമെന്നുണ്ട് . ഇത് പ്രവർത്തിപ്പിക്കാനുള്ള തന്റേടം ഒരു ഉദ്യോഗസ്ഥനുമില്ലാത്ത സാഹചര്യത്തിൽ നാട്ടുകാർ എങ്ങനെ ചോദിക്കും?
മീറ്റർ വേണ്ട പ്രധാന കേന്ദ്രങ്ങളിലേക്കുള്ള നിരക്ക് പ്രഖ്യാപിക്കാൻ പ്രീ പെയ്ഡ് സംവിധാനം ഒന്ന് ഏർപ്പെടുത്താമോ എന്നു ചോദിച്ചാലും ഇപ്പം ശരിയാക്കാമെന്നു പറയുന്നതല്ലാതെ ശരിയാക്കാൻ ആർക്കും കഴിയുന്നുമില്ല . റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് സംവിധാനം നടപ്പാക്കിയിരുന്നു. മുതലാകില്ലെന്ന് പറഞ്ഞ് ആ സംവിധാനം ഓട്ടോക്കാർ തകർത്തു. പ്രീപെയ്ഡ് കൗണ്ടർ പോലും ഇല്ലാതാക്കി. പ്രധാന കേന്ദ്രങ്ങളിലേയ്ക്കുള്ള നിരക്ക് രേഖപ്പെടുത്തിയ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു . അത് കരി ഓയിൽ അടിച്ചു മായിച്ചു. തങ്ങൾക്ക് തോന്നുന്ന നിരക്കും തോന്നുന്ന സ്ഥലങ്ങളിലേക്ക് മാത്രം ഓട്ടവും എന്നതാണ് കോട്ടയത്തെ ഓട്ടോക്കാരുടെ മുദ്രാവാക്യം .ചോദ്യം ചെയ്താൽ വായിൽ തോന്നിയത് പറയും. കൈയേറ്റവും ഉണ്ടാകാം. ഇതിന് പരിഹാരമുണ്ടാക്കാൻ പല കളക്ടർമാരും എസ്.പിമാരും ശ്രമിച്ച് ഓട്ടോക്കാരുടെ സംഘടിത ശക്തിക്കു മുന്നിൽ പരാജയപ്പെട്ടിടത്താണ് പൂച്ചക്ക് മണി കെട്ടുമെന്ന് പുതിയ പൊലീസ് മേധാവി പറയുമ്പോൾ ഇതു വല്ലോം നടക്കുമോ എന്നാണ് മുൻ അനുഭവം വെച്ച് ചുറ്റുവട്ടത്തുള്ളവർക്ക് ചോദിക്കാനുള്ളത്.
ലഹരി മാഫിയയ്ക്കെതിരെ പോരാടുമെന്നും പൊലീസ് മേധാവി പറഞ്ഞത് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. കോട്ടയം ജില്ല ലഹരി മാഫിയയുടെ ഹബാണ്. ഇതിനെതിരെ ശക്തമായ പോരാട്ടം പൊലീസ് നടത്തുന്നുണ്ടെങ്കിലും വമ്പൻ സ്രാവുകളെ ഒതുക്കാൻ കഴിഞ്ഞിട്ടില്ല . ഓരോ സ്കൂളിന്റെയും ചുമതല ഓരോ പൊലീസുകാർക്ക് നൽകുമെന്നാണ് എസ്.പി പറയുന്നത്. ഇതിനാവശ്യമായ പൊലീസ് ഉണ്ടോ എന്നറിയില്ലെങ്കിലും നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
കോട്ടയം ലഹരി മാഹിയ രഹിത ജില്ലയാകട്ടെയെന്നും ഓട്ടോറിക്ഷക്കാർ മീറ്റർ പ്രവർത്തിപ്പിച്ച് ന്യായമായ കൂലി മാത്രം വാങ്ങുന്ന മാന്യന്മാരാകട്ടെയെന്നും നമുക്ക് സ്വപ്നം കാണാം . പുതിയ ജില്ലാ പൊലീസ് മേധാവിക്ക് അത് സാധിച്ചാൽ തിരുനക്കര ചുറ്റുവട്ടം ഡബിൾ ചിയേഴ്സ് വിളിക്കും. അല്ലെങ്കിൽ.....