കോട്ടയം : മഴക്കാലത്ത് രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പകർച്ചവ്യാധികൾ സംബന്ധിച്ച വിവരങ്ങൾ ആരംഭഘട്ടത്തിൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു. കൊതുകുകളുടെ സാന്ദ്രത വർദ്ധിക്കാനിടയുളള നഗര പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളും ആരോഗ്യ വകുപ്പും സംയുക്തമായി പ്രതിരോധനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തണം. ഹോസ്റ്റലുകൾ, കോളനികൾ, ഫ്ലാറ്റുകൾ, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വിവരം നൽകണം. ശ്രദ്ധയിൽപെടുത്താത്ത സ്ഥാപന നടത്തിപ്പുകാർക്കും അധികൃതർക്കുമെതിരെ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. കൊതുക് സാന്ദ്രത വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ട ഫാത്തിമപുരം, മുട്ടമ്പലം എന്നിവിടങ്ങളിൽ ഫോഗിംഗ് നടത്തും. മത്സ്യവിപണനത്തിനായി ഉപയോഗിക്കുന്ന പെട്ടികൾ സൂക്ഷിക്കുന്നതിന് ഷെൽറ്റർ സംവിധാനം ഒരുക്കണം. വൈക്കം കോലോത്തുംകടവ് മാർക്കറ്റിൽ മീൻപെട്ടികളിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും കളക്ടർ നിർദ്ദേശിച്ചു.