പാലാ : പട്ടിക്കൂടുകൾക്ക് മുമ്പിൽ 'നടതള്ളി' യെങ്കിലും തങ്ങളെ ഉപേക്ഷിച്ചവരുടെ പോലും മനസിൽ സന്തോഷം വിടർത്തി ആ മഞ്ഞ കോളാമ്പിപ്പൂക്കൾ വീണ്ടും വിരിഞ്ഞു. പാലാ ഗവ. മൃഗാശുപത്രിയ്ക്ക് മുന്നിലെ ഇട്ടാവട്ടത്തിലിപ്പോൾ മഞ്ഞപ്പട്ടു ചാർത്തുകയാണീ പൂവുകൾ. നഗരസഭാധികാരികൾ തങ്ങളെ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചതാണ് എന്നറിയാത്ത പുഷ്പ ജന്മങ്ങൾ.
പാലാ നഗരസഭയുടെ സൗന്ദര്യവത്ക്കരണ പരിപാടിയുടെ ഭാഗമായി അഞ്ചു വർഷം മുമ്പാണ് നഗരവീഥികളിൽ പൂച്ചെടികൾ സ്ഥാപിച്ച ' പുഷ്പ നഗരം പാലാ '' പദ്ധതി ആരംഭിച്ചത്. അന്ന് നഗരസഭാ ചെയർമാനായിരുന്ന കുര്യാക്കോസ് പടവന്റെ മനസിൽ തോന്നിയ ആശയത്തിന് നഗരസഭാ കൗൺസിലും പച്ചക്കൊടി കാട്ടിയതോടെ നഗരം പൂവണിഞ്ഞു. പാലാ - ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കൊട്ടാരമറ്റം മുതൽ ചെത്തിമറ്റം വരെ പ്രത്യേകം ചെടിച്ചട്ടി വാങ്ങി മഞ്ഞക്കോളാമ്പിച്ചെടികൾ നട്ടുവളർത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ ഇവ പൂവിട്ടു. യാത്രക്കാരുടെ കണ്ണിനും മനസിനും ആനന്ദമായി നഗരവീഥിയിലെ ഈ പൂവാടി. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ രണ്ട് വർഷങ്ങളിലായി 8 ലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഇതിനായി 1500 ഓളം ചെടിച്ചട്ടികളും വാങ്ങിയിരുന്നു. പരിപാലനത്തിന് ഒരു ജീവനക്കാരനെയും നിയോഗിച്ചു.
എന്നാൽ കാലക്രമേണ വാഹനങ്ങൾ ഇടിച്ചും മറ്റും ഏതാനും ചെടിച്ചട്ടികൾ തകർന്നു. ഇതിനിടെ നഗരഭരണ കർത്താക്കൾ മാറി. പിന്നീട് വന്ന ചെയർമാൻമാർ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടത്ര താത്പര്യം കാണിച്ചില്ല. കാലക്രമേണ ഉദ്യാനപാലകനും അപ്രത്യക്ഷമായി. വാഹനങ്ങളായിട്ടും സാമൂഹ്യവിരുദ്ധരായിട്ടും കൂടുതൽ ചെടിച്ചട്ടികൾ നശിപ്പിച്ചു.
ചെടിച്ചട്ടികൾ തകർന്നതോടെ അനാഥരായ കോളാമ്പിച്ചെടികളെ ഒന്നൊന്നായി പിഴുതെടുത്ത് പാലാ ഗവ. മൃഗാശുപത്രി വളപ്പിലെ തെരുവുനായക്കൂടുകൾക്ക് മുന്നിൽ കൊണ്ടുവന്നു തള്ളി. തങ്ങളെ അവഗണനയുടെ പുറമ്പോക്കിൽ തള്ളിയതാണെന്ന് അറിയാതെ കോളാമ്പിപ്പൂക്കൾ ഇവിടെയും ചിരിച്ചു നിൽക്കുകയാണിപ്പോൾ. വെറുതെയുള്ള പറമ്പിൽ പട്ടിക്കൂട്ടുകൾക്കു മുന്നിൽ, കാട്ടുപളളകൾക്കും പുല്ലിനുമിടയിൽ തള്ളിയതിനു പകരം പന്ത്രണ്ടാം മൈലിലെ നഗരസഭാ ചിൽഡ്രൻസ് പാർക്കിലെങ്കിലും തങ്ങളെ കൂട്ടിയിട്ടിരുന്നെങ്കിൽ എന്ന് ഇവർ ആശിക്കുന്നു. പറയാൻ പറ്റാത്തവരുടെ വേദന കണ്ടറിയേണ്ട നഗരസഭാധികാരികൾക്ക് പുഷ്പങ്ങളുടെ ഈ വിടർന്ന പൂച്ചിരി അന്യമാണല്ലോ. അധികാരികൾ കൊടുത്ത വെറുപ്പിന്റെ വേദനകൾക്കിടയിലും ഈ പൂക്കൾക്ക് ഒന്നോർത്ത് ആശ്വസിക്കാം; കരൾ പിടയുന്ന വേദനയുമായെത്തുന്ന കിടാരികൾക്കെങ്കിലും ഒരു വേള നിറങ്ങളുടെ ഉത്സവം സമ്മാനിക്കാമല്ലോ എന്ന ആശ്വാസം, സന്തോഷം !