കുറവിലങ്ങാട്: സീറോ മലബാർ സഭയിലെ ഏക മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിലും അതിന് മുന്നോടിയായുള്ള മരിയൻ കൺവൻഷനിലുമായി ഏഴ് സഭാതലവന്മാരെത്തും. സീറോ മലബാർ, സീറോ മലങ്കര, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മാ, പൗരസ്ത്യ അസീറിയൻ, മലബാർ സ്വതന്ത്ര സഭാ തലവന്മാരാണ് എത്തുക .

സെപ്റ്റംബർ ഒന്നിന് ദേവമാതാ കോളജ് മൈതാനത്ത് വച്ച് നടക്കുന്ന നസ്രാണി സംഗമത്തിൽ സഭാതലവന്മാർക്കൊപ്പം 15,000 പ്രതിനിധികൾ പങ്കെടുക്കും. രണ്ടിന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്‌സ് സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിക്‌സ് കാതോലിക്കാബാവ, മാർത്തോമ്മാ സഭാ തലവൻ ജോസഫ് മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത, പൗരസ്ത്യ അസീറിയൻ സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്രസുറിയാനി സഭാ തലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത എന്നിവർ സംഗമത്തിൽ പങ്കെടുക്കും.

സംഗമത്തിന്റെ ആദ്യഘട്ടമായി 25 മുതൽ 29വരെ തിയതികളിൽ ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന മരിയൻ കൺവൻഷൻ യക്കോബായ സഭാ തലവൻ ബസോലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠബാവ ഉദ്ഘാടനം ചെയ്യും.
നസ്രാണി മഹാസംഗമത്തിനായി നേരിട്ട് (ഓഫ്‌ലൈൻ) രജിസ്റ്റർ ചെയ്യുവാൻ എല്ലാ ദിവസവും ഇടവക ദൈവാലയത്തിൽ അവസരമുണ്ട്. ഓൺലൈനായി രജിസ്‌ട്രേഷന് www.kuravilangadpally.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04822 230224, 9447184088.