പാലാ: ടൗണിൽ വാട്ടർ അതോറിറ്റി വക ഗതാഗത ക്രമീകരണം; കുരിശുപള്ളി ജംഗ്ഷനിൽ ഫുട്പാത്തിലൂടെ ആരും നടക്കേണ്ട !
ഇവിടെ മണ്ണും കല്ലും നിരത്തി വാട്ടർ അതോറിറ്റി, കാൽ നടയാത്രക്കാരുടെ ഗതാഗതം തടഞ്ഞിട്ട് രണ്ടാഴ്ചയാകുന്നു.
ഹൈവേയിൽ കുരിശുപള്ളി ജംഗ്ഷനോടു ചേർന്ന് പമ്പിംഗ് ലൈൻ നന്നാക്കുന്നതിന് കുഴിയെടുത്ത വാട്ടർ അതോറിട്ടി ജീവനക്കാർ ഇവിടെ നിന്നെടുത്ത മണ്ണും കല്ലും ഫുട്പാത്തിൽ കൂനകൂട്ടുകയായിരുന്നു. തുടർന്ന് ഇവിടെ വീപ്പകൾ നിരത്തി പ്ലാസ്റ്റിക് നാട വലിച്ചുകെട്ടി ഗതാഗതവും തടസപ്പെടുത്തി. 'ഗോ സ്ലോ, വർക്ക് ഇൻ പ്രോസസ്, കേരള വാട്ടർ അതോറിറ്റി ' എന്ന ബോർഡും വെച്ചു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു പണിയും ഇവിടെ നടക്കുന്നേയില്ല! എങ്കിലും കാൽനടയാത്രക്കാരെ 'വെള്ളം കുടിപ്പിക്കുന്ന ' പണി വാട്ടർ അതോറിട്ടി അധികാരികൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന വഴിയിലാണ് വാട്ടർ അതോറിറ്റി വക ഈ തോന്ന്യാസം.
ഫുട്പാത്തിൽ മണ്ണും കല്ലും നിറഞ്ഞു കിടക്കുന്നതിനാൽ ഇവിടെ കാൽ നട യാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുകയാണ്. തുടർച്ചയായി വാഹനങ്ങൾ വേഗതയിൽ വരുന്ന ഇവിടെ ആളുകൾ, പ്രത്യേകിച്ച് കുട്ടികളും മറ്റും റോഡിൽ ഇറങ്ങി നടക്കുന്നത് അപകടങ്ങളും ക്ഷണിച്ചു വരുത്തിയേക്കാം.
മഴക്കാലമായതോടെ മണ്ണ് കൂട്ടിയിടത്ത് ചെളിവെള്ളവും നിറഞ്ഞു കിടക്കുകയാണ്. കനത്ത മഴയിൽ കുരിശുപള്ളി ജംഗ്ഷന് മുന്നിലൂടെയുള്ള റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം കൂടിയാകുന്നതോടെ ഇവിടെ ജലപ്രളയമാകും. അപ്പോൾ കാൽനടയാത്രക്കാർക്ക് റോഡിന് നടുവിലേക്ക് ഇറങ്ങേണ്ടി വരും. ഹൈവേ കുറുകെ കടക്കാനുള്ള സീബ്രാലൈനിനും സമീപത്താണ് മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുന്നത് എന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നു.