jose-k-mani

കോട്ടയം: കെ.എം. മാണിയുടെ മരണത്തോടെ കേരളകോൺഗ്രസ് എമ്മിൽ ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത അധികാരത്തർക്കത്തിന്റെ പരിസമാപ്തിയായുള്ള പിളർപ്പ് ഇന്ന് യാഥാർത്ഥ്യമാകും.

താത്ക്കാലിക ചെയർമാനായ പി. ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കാത്ത സാഹചര്യത്തിൽ ജോസ് കെ. മാണി വിഭാഗം ഇന്ന് സമാന്തര സംസ്ഥാന കമ്മിറ്റി വിളിക്കും. ഉച്ചയ്‌ക്ക് 2 ന് സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തേക്കും.

ജോസ് വിഭാഗം ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നിരുന്നു. അഞ്ച് എം.എൽ.എമാരിൽ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, സി.എഫ്.തോമസ് എന്നിവരും ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമും പങ്കെടുത്തില്ല.

പാർട്ടി ഭരണഘടന അനുസരിച്ച് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങൾ ഒപ്പിട്ട കത്ത് ജൂൺ 3ന് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്,വൈസ് ചെയർമാൻ ജോസ് കെ. മാണി, ഡെപ്യൂട്ടി ലീഡർ സി.എഫ്.തോമസ് എന്നിവർക്ക് നൽകിയിരുന്നു. ജോസഫ് കമ്മിറ്റി വിളിക്കാത്തതിനാൽ കത്തിൽ ഒപ്പിട്ട മുതിർന്ന നേതാവ് പ്രൊ. കെ.എ ആന്റണിയുടെ നേതൃത്വത്തിലാണ് ഇന്ന് യോഗം വിളിക്കുന്നത്. സംസ്ഥാന കമ്മിറ്റിയോഗം ചെയർമാനെ തിരെഞ്ഞെടുക്കുമെന്നാണ് ജോസ് കെ. മാണി അറിയിച്ചത്. ജോസ് കെ. മാണിയെ അനുകൂലിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടി പി. ജെ ജോസഫിൽ അവിശ്വാസം രേഖപ്പെടുത്തി പുതിയ ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുക്കാനാണ് സാദ്ധ്യത. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പങ്കെടുക്കുന്നതിനാൽ പാർട്ടി ഭരണഘടന അനുസരിച്ച് യോഗ തീരുമാനം ചോദ്യം ചെയ്യാനാവില്ലെന്ന നിയമോപദേശം ലഭിച്ചെന്നാണ് ജോസ് വിഭാഗം അവകാശപ്പെടുന്നത്.

താത്ക്കാലിക ചെയർമാനായി ജോസഫിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതിനാൽ അദ്ദേഹത്തിന്റെ നിർദ്ദേശമില്ലാതെ സമാന്തര കമ്മിറ്റി വിളിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കാനും കൂറുമാറ്റ നിരോധന നിയമം വഴി എം.പി, എം.എൽ.എമാരെ അയോഗ്യരാക്കാമെന്നുമാണ് ജോസഫ് വിഭാഗം വിശ്വസിക്കുന്നത്. ജോസഫിനെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ജോസ് വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിർണായകമായിരിക്കും.

കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ജോസഫ് വിഭാഗം പിടിച്ചെടുക്കുമോ എന്ന ഭീതിയിൽ രാത്രി ഗേറ്റ് താഴിട്ടു പൂട്ടി ഓഫീസിൽ ജോസ് വിഭാഗം താമസിക്കുകയാണ്. ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അനൗപചാരിക യോഗം വിളിച്ചിരുന്നു. തങ്ങളുടെ നേതാക്കളെ ജോസഫ് അടർത്തി മാറ്റാൻ തുടങ്ങിയതോടെയാണ് സംസ്ഥാന കമ്മിറ്റി വിളിക്കാൻ ജോസ് വിഭാഗം തീരുമാനിച്ചത്.

ജോസ് കെ. മാണിയെ ചെയർമാനാക്കണമെന്ന് ഇന്നലെ കോട്ടയത്തു ചേർന്ന യൂത്ത് ഫ്രണ്ട് യോഗം പ്രമേയം പാസാക്കിയിരുന്നു. ജോസഫിനൊപ്പം പോയ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിലിനെ തിരിച്ചു കൊണ്ടുവന്ന് അദ്ധ്യക്ഷനാക്കിയാണ് പ്രമേയം അവതരിപ്പിച്ചത്.

''ജോസ് വിഭാഗത്തിന് സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമില്ല. താൽക്കാലിക ചെയർമാനോ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനോ മാത്രമേ കമ്മിറ്റി വിളിക്കാൻ കഴിയൂ. മറ്റുള്ളവർ വിളിക്കുന്നത് സമാന്തര പ്രവർത്തനമാണ്''

--പി.ജെ.ജോസഫ്