perumthottam

പാലാ: സിവിൽ സർവീസുകാർ സേവന മനോഭാവവും മൂല്യബോധവുമുള്ളവരാകണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിജയദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹത്തായ ഭരണഘടനയാണ് നമ്മുടേത്. മതസഹിഷ്ണുതയിലധിഷ്ഠിതമായ ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. ഇത് സംരക്ഷിക്കാനും സമത്വം, സാഹോദര്യം എന്നീ ആദർശങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ജനങ്ങളെ സേവിക്കാനും ഈ പദവിയിലിരിക്കുന്നവർക്ക് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ അദ്ധ്യക്ഷനായി. സിവിൽ സർവീസിൽ കേരളത്തിലെ ഒന്നാം റാങ്ക് നേടിയ ആര്യ ആർ.നായർക്ക് സുവർണ പതക്കവും അദ്ദേഹം സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് വെട്ടിക്കൻ സിവിൽ സർവീസ് ജേതാക്കളെ പരിചയപ്പെടുത്തി. സ്‌കോളർഷിപ്പുകളുടെ വിതരണം പി.സി.ജോർജ് എം.എൽ.എ നിർവഹിച്ചു. പി.എസ്.സി അംഗം പ്രൊഫ. ലോപ്പസ് മാത്യു, എം.ജി മുൻ വി.സി ഡോ.സിറിയക് തോമസ്, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ കുടക്കച്ചിറ, ഫാ.ഡോ.ജെയിംസ് ജോൺ മംഗലത്ത്, മാനേജർ മോൺ.ഫിലിപ്പ് ഞരളയ്ക്കാട്ട്, പ്രൊഫ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് ജേതാക്കൾ മറുപടി പറഞ്ഞു.