മാഞ്ഞൂർ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും സ്കൂൾ മതിൽ ഇടിഞ്ഞ് നടപ്പാതയിലേക്ക് വീണതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് മാഞ്ഞൂർ ഗവൺമെന്റ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ. മതിൽ തകർന്നതിന്റെ ഭാഗങ്ങൾ കുറച്ച് മാറ്റിയെങ്കിലും കരിങ്കല്ല്, മണ്ണ് തുടങ്ങിയ ബാക്കി ഭാഗങ്ങൾ ഇപ്പോഴും നടപ്പാതയിൽ തന്നെയാണ്. ഇതോടെ ഒന്നാം ക്ലാസ്സ് മുതലുള്ള ചെറിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാകത്തതിനാൽ വിദ്യാർത്ഥികളുപ്പടെ നിരവധി ആളുകൾ ഇതുവഴിയാണ് റെയിൽവേ ക്രോസ് കടന്ന് ബസ് സ്റ്റോപ്പിലേക്കും മറ്റും പോകുന്നത്. സ്കൂളിന്റെ തകർന്ന സംരക്ഷണഭിത്തി പൊളിച്ചു മാറ്റുന്നതിനും തകർന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഇതോടൊപ്പം മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെയും നിർമ്മാണവും വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.