പൊൻകുന്നം: പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡിലെ കുഴിയിൽ വീണും കോൺക്രീറ്റ് തകർന്ന് തള്ളി നിൽക്കുന്ന കമ്പിയിൽ തട്ടിവീണും അപകടങ്ങൾ പെരുകുന്നു. ഇന്നലെ കോൺക്രീറ്റ് കട്ടിംഗിൽ തട്ടി വീണ് വീട്ടമ്മയുടെ തോളെല്ല് ഒടിഞ്ഞതാണ് ഒടുവിലത്തെ സംഭവം. രാവിലെ പത്തരയോടെയായിരുന്നു അപകടം. യാത്രക്കാരിയായ പൊൻകുന്നം കുഴികണ്ടത്തിൽ തങ്കമ്മ (65)യാണ് അപകടത്തിൽ പെട്ടത്. വീഴ്ചയിൽ ഇവരുടെ തോളെല്ല് ഒടിഞ്ഞു. പല്ലുകൾക്കും ഇളക്കം സംഭവിച്ചു. കോൺക്രീറ്റ് തകർന്നു വെളിയിൽ വന്ന കമ്പിയിൽ തട്ടിയാണ് തങ്കമ്മ വീണത്. ഓടിക്കൂടിയരും പൊലീസും ചേർന്ന് ഇവരെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരം നിരവധി കുഴികളാണ് ബസ് സ്റ്റാൻഡിലും കോയിപ്പള്ളി റോഡിലും ഉള്ളത്. കാലവർഷം ശക്തമാകുന്നതോടെ ഈ കുഴികളിലടക്കം വെള്ളം നിറയും. ഇതോടെ കുഴികളും തള്ളി നിൽക്കുന്ന കമ്പികളും കാണാൻ പറ്റാതാകുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഡി.വൈ.എസ്.പി.ഓഫീസ് അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളും അനേകം കച്ചവട സ്ഥാപനങ്ങളും കോയിപ്പള്ളി വഴിയിലാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും നല്ല തിരക്കാണ്.അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
ചിത്രവിവരണം.
1. പൊൻകുന്നം ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നലെ വീട്ടമ്മയ്ക്ക് അപകടം സംഭവിക്കാനിടയായ കോൺക്രീറ്റ് കട്ടിംഗ്
2. പൊൻകുന്നം ബസ് സ്റ്റാൻഡിനുള്ളിൽ വലുതായി കൊണ്ടിരിക്കുന്ന കുഴിയിൽ കോൺക്രീറ്റ് കമ്പി വെളിയിലേക്ക് തള്ളിയ നിലയിൽ