കോട്ടയം : കേരളകോൺഗ്രസ് എമ്മിൽ വിയോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് നിയമസഭയിൽ പി.ജെ ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തുനൽകിയ മോൻസ് ജോസഫിന്റെ നടപടിയാണെന്ന് ജോസ് കെ മാണി വിഭാഗം കുറ്റപ്പെടുത്തി. പാർട്ടി എം.എൽ.എമാരോട് പോലും ആലോചിക്കാതെ കത്തു നൽകിയതിന് പിന്നിൽ ദുഷ്ടലാക്കായിരുന്നു. പി.ജെ ജോസഫ് തിരെഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്ത് സംഘടനാ ചുമതലകളുടെ കടുത്ത ലംഘനമാണ്. സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന ശാഠ്യം സമവായത്തിനും ഐക്യത്തിനുമായുള്ള പരിശ്രമങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്നതാണ്. സമവായത്തിലൂടെ ജനാധിപത്യപരമായി ആരെയും ചെയർമാനായി തിരെഞ്ഞടുക്കുന്നതിന് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചത്. തിരുവനന്തപുരത്ത് ജോസഫ് ഗ്രൂപ്പ് യോഗം വിളിച്ചുചേർത്ത് പാർട്ടിയെ പിളർത്താന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് 100 പേർക്ക് ഇരിക്കാവുന്ന ചെറിയ ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനം മാണിയോടുള്ള കടുത്ത അനാദരവായിരുന്നു. ഇത്തരം രാഷ്ട്രീയ അനീതിയോടുള്ള പാർട്ടി പ്രവർത്തകരുടെ പ്രതികരണം കൂടി പ്രതിഫലിക്കുന്നതാണ് ഇന്ന് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള തീരുമാനമെന്നും ജോസ് വിഭാഗം അറിയിച്ചു.