കോട്ടയം : നാടൻ മരങ്ങളും ചെടികളും നട്ട് വളർത്തി ചെറുവനങ്ങൾ സജ്ജമാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 15 ഇടങ്ങൾ പച്ചതുരുത്തുകളാകുന്നു. കോട്ടയം ഗവ.എൻജിനിയറിംഗ് കോളേജ്, മെഡിക്കൽ കോളേജ്, പെരുന്ന ഐ.ടി.ഐ എന്നിവിടങ്ങളിൽ ഹരിതകേരള മിഷന്റെ നേതൃത്വത്തിലാണ് പച്ചതുരുത്തുകൾ ഉയരുന്നത്. കോട്ടയം നഗരസഭയിലെ 47, 22 വാർഡുകളിലും , കോട്ടയം ടൗൺ എൽ.പി. സ്‌കൂൾ, കുമാരനല്ലൂർ ദേവീ വിലാസം എൽ.പി, യു.പി സ്‌കൂൾ, മുടിയൂർക്കര ഗവ.എൽ.പി സ്‌കൂൾ, അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ കാട്ടാത്തി ഗവ.എൽ.പി.സ്‌കൂൾ, അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ആറുമാനൂർ എൽ.പി സ്‌കൂൾ, കുമരകം നോർത്ത് എൽ.പി സ്‌കൂൾ, കൂരോപ്പട പഞ്ചായത്ത് 12,14 വാർഡുകളിലെ പാതയോരങ്ങളും , വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ ചാമംപതാൽ റോഡിന്റെ വശങ്ങളും പച്ചതുരുത്തുകളാകും.
തൊഴിലുറപ്പു പദ്ധതി ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പച്ചതുരുത്ത് നിർമ്മാണം കൂടുതൽ പ്രദേശങ്ങളിൽ വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുളള ജില്ലാതല സാങ്കേതിക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്‌കൂളിൽ ഹരിത കേരള മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ നിർവഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേഷ്, പി.ടി.എ പ്രസിഡന്റ് മായാറാണി, പ്രിൻസിപ്പൽ വിനീത ജി.നായർ, അമീന പഴയതാവളം എന്നിവർ സംസാരിച്ചു.
45 വൃക്ഷങ്ങൾ
കുടംപുളി, ഇലഞ്ഞി, പൂവരശ്, പുന്ന, വേങ്ങ, കുമ്പിൾ,കുളമാവ്, കടമ്പ്, തുടങ്ങിയ 45ഓളം വൃക്ഷങ്ങളാണ് പച്ചതുരുത്തിൽ നട്ടുവളർത്തുക. ചതുപ്പ് പ്രദേശങ്ങളിൽ കുളവെട്ടി, ആറ്റുവഞ്ചി, കാട്ടുജാതി, അവിസീനിയ, റൈസോഫോറാ എന്നിവയും ഔഷധസസ്യങ്ങളായ വയമ്പ്, ബ്രഹ്മി, കഞ്ഞുണ്ണി തുടങ്ങിയവയും നടും. ചെങ്കൽ പ്രദേശങ്ങളിൽ കറ്റാർവാഴ, മഞ്ഞൾ, നീലയമരി, കച്ചോലം, കിരിയാത്ത് തുടങ്ങിയവയാണ് നട്ടുവളർത്തുക.