പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108 ാം നമ്പർ പൂഞ്ഞാർ ശാഖയുടെ മങ്കുഴി ആകൽ പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നമസ്‌കാര മണ്ഡപങ്ങളുടെ തറക്കല്ലിടീൽ ചടങ്ങ് ഇന്ന് രാവിലെ 9നും 9.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി അജേഷ് പൂഞ്ഞാറിന്റെ സാന്നിദ്ധ്യത്തിൽ പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ നിർവഹിക്കും. തുല്യ പ്രാധാന്യത്തോടു കൂടിയ ശ്രീസുബ്രഹ്മണ്യന്റെയും ശ്രീ മഹാദേവന്റയും ശ്രീകോവിലുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇരു ക്ഷേത്രങ്ങളുടെയും നമസ്‌കാര മണ്ഡപങ്ങളുടെ നിർമ്മാണമാണ് അടുത്തതായി നടക്കുന്നത്. വിശേഷാൽ പൂജകളിലും ശിലാന്യാസ ചടങ്ങിലും പങ്കെടുക്കുന്നതിന് എല്ലാ സജ്ജനങ്ങളേയും ക്ഷണിക്കുന്നതായി ക്ഷേത്ര ശാഖാ യോഗം ഭാരവാഹികൾ അറിയിച്ചു.