പള്ളിക്കത്തോട് : മോഷണവസ്തുക്കൾ ആക്രിക്കടയിൽ വിൽക്കാനെത്തിയ തമിഴ്‌നാട് സ്വദേശിനികളായ മൂന്ന് പേർ പിടിയിൽ. തമിഴ്‌നാട്
സ്വദേശിനികളായ മാലതി (37), ജ്യോതി (20), കണ്ണമ്മ (30) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് പിടികൂടിയത്. ആനിക്കാട് പള്ളിഭാഗത്തുള്ള
പിച്ചളക്കാട്ടിൽ ബിജു ജേക്കബിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള മെഷീൻ പുരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സീലിംഗ് ഫാനുകൾ, ഇലക്ട്രിക് വയറുകൾ, പഴയ ഇരുമ്പുകമ്പികൾ ഉൾപ്പെടെ 5000രൂപയുടെ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. വെള്ളിയാഴ്ച്ച പകൽ 11.30നും 1.30നും ഇടയിലായിരുന്നു സംഭവം. മോഷ്ടിച്ച സാധനങ്ങൾ ആക്രികടയിൽ വിൽക്കാനെത്തിച്ചപ്പോൾ സംശയം തോന്നി കടയിലുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. എസ്.ഐ അരുൺദേവ്, എം.ഇ, എ.എസ്.ഐ ജോമോൻ, സിവിൽ പൊലീസ് ഓഫീസറായ ശശി പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.