കോട്ടയം: കൊട്ടിഘോഷിച്ച് വൃത്തിയാക്കിയ മീനച്ചിലാറിന്റെ കൈവഴികളിൽ വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നു. താഴത്തങ്ങാടി ആലുംമൂട് ജംഗ്ഷന് സമീപം മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന ചെറിയ തോട്ടിൽ ഏതാനും ദിവസങ്ങളായി മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. മൂക്കുപൊത്താതെ ജീവിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലാണ് പ്രദേശവാസികൾ. സമീപത്ത് എവിടെനിന്നൊ ഒഴുകിയെത്തിയ മാലിന്യങ്ങൾ ഇവിടെ അടിഞ്ഞുകൂടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. തോട് മീനച്ചിലാറിലേക്ക് ചേരുന്ന ഭാഗത്തെ ഷട്ടർ അടച്ചിരിക്കുന്നതിനാൽ മാലിന്യം ഒഴുകിപ്പോകാത്തത് ഇവരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. തോടിന്റെ ഇരുകരയിലും താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് വീട്ടിൽ ഇരുന്ന ഭക്ഷണം കഴിക്കാൻപറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല, പ്രദേശത്തെ രൂക്ഷമായ കൊതുകുശല്യം മൂലം രോഗങ്ങൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. ആരോഗ്യ വകുപ്പിലും നഗരസഭ അധികൃതരെയും വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രശ്നത്തിന് ശ്വാശതപരിഹാരം ഉണ്ടാക്കാൻ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.