കോട്ടയം: പുതിയ സർവീസ് വയർ വാങ്ങിവച്ച് കെ.എസ്.ഇ.ബിയുടെ കനിവ് കാത്തുകഴിയുകയാണ് ചെങ്ങളം തെക്ക് ഏഴുപറയിൽ കുഞ്ഞമ്മ ജോണും (85) കുടുംബവും. കാലപ്പഴക്കത്താൽ മുറിഞ്ഞുപോയ സർവീസ് വയർ മാറ്റിസ്ഥാപിക്കാത്തതിനാൽ മൂന്ന് ദിവസമായി ഈ കുടുംബം ഇരുട്ടിൽ കഴിയുകയാണ്. 24 വർഷത്തോളം പഴക്കമുള്ല സർവീസ് വയർ ഇടയ്ക്കിടെ പൊട്ടിവീഴുന്നത് പതിവായിരുന്നതിനാലാണ് അധികൃതരുടെ നിർദ്ദേശപ്രകാരം പുതിയ വയർ വാങ്ങിയത്. എന്നാൽ കണക്ഷൻ കൊടുക്കേണ്ട ലൈൻമാൻ മൂന്ന് ദിവസമായിട്ടും തങ്കമ്മയുടെ വീട്ടിലെത്തിയിട്ടില്ല. കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചുപറഞ്ഞ് മടുത്തപ്പോൾ ടോൾഫ്രീ നമ്പരിലും വിളിച്ചുനോക്കി. 'നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന' മറുപടി അല്ലാതെ നടപടിയൊന്നും ഉണ്ടായില്ലെന്നുമാത്രം, ഇവർ പറയുന്നു. മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ തീർപ്പുകൽപ്പിക്കണമെന്നാണ് നാട്ടിലെ നിയമമെങ്കിലും 85 വയസുള്ള ഇവർക്ക് ആ പരിഗണനയും കിട്ടുന്നില്ല.