പാലാ: പൂത്തു വിടർന്ന ആ മഞ്ഞ കോളാമ്പിപ്പൂക്കൾ ഇനി ഒറ്റയ്ക്കല്ല ; അവ ഏറ്റെടുത്ത് സംരക്ഷിക്കാൻ ഇനി പാലാ നഗരസഭയുണ്ട് . നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി കൊണ്ടു വന്ന്, പിന്നീട് ചെടിച്ചട്ടി തകർന്നതിനാൽ പാലാ മൃഗാശുപത്രി വളപ്പിൽ പട്ടിക്കൂടുകൾക്കു മുന്നിൽ തള്ളിയ കോളാമ്പിച്ചെടികളെപ്പറ്റി
ഇന്നലെ 'കേരള കൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ ഈ പൂച്ചെടികൾ കാണാനെത്തി. വിടർന്ന പൂക്കളുടെ സൗരഭ്യം നുകർന്നും തലോടിയും ഏറെ നേരം നിന്ന ചെയർപേഴ്‌സൺ പറയാതെ പറഞ്ഞു: 'പ്രിയപ്പെട്ട പൂക്കളെ നിങ്ങൾ ഒറ്റയ്ക്കല്ല , ഞങ്ങളുണ്ട് കൂടെ...
' കേരളകൗമുദിയിൽ വന്ന വാർത്ത വായിച്ച ഉടൻ ഈ പൂക്കൾ നേരിൽ കാണണമെന്ന ചിന്തയാണുണ്ടായത്. എന്തായാലും ഇത് ഇവിടെയിട്ട് നശിപ്പിക്കില്ല.തകർന്ന മുഴുവൻ ചെടിച്ചട്ടികളും മാറ്റി പുതിയവ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ആകെ 1400 ചെടിച്ചട്ടികളാണുണ്ടായിരുന്നത്. ഇവയിൽ പകുതിയോളം വണ്ടിയിടിച്ചും സാമൂഹ്യ വിരുദ്ധരായിട്ടും നശിപ്പിച്ചു. 200 ചെടിച്ചട്ടികൾ ഉടൻ വാങ്ങാനുള്ള നിർദ്ദേശം അടുത്ത നഗരസഭാ കൗൺസിലിൽ അവതരിപ്പിക്കും. എന്തെങ്കിലും തടസ്സമുണ്ടായാൽ, ഈ ചെടികൾ പന്ത്രണ്ടാം മൈലിലെ ചിൽഡ്രൻസ് പാർക്കിലേക്ക് മാറ്റും ' ചെയർപേഴ്‌സൺ വ്യക്തമാക്കി.
നഗരസഭാദ്ധ്യക്ഷ പറഞ്ഞു നിർത്തിയതേ ചെറിയൊരു കാറ്റു വീശി; മഞ്ഞക്കോളാമ്പി പൂക്കൾ ഒരുമിച്ച് തലയാട്ടി; ഇപ്പറഞ്ഞതിനോട് നൂറുവട്ടം സമ്മതമാണെന്ന മട്ടിൽ.