പാലാ : 'സഫല 'ത്തിന്റെ സ്ഥലപരിമിതികളിൽ നിന്ന് 'സായം പ്രഭ'യുടെ വിശാലതയിലേക്ക് കടന്ന് പാലാ സഹൃദയ സമിതി. സാഹിത്യ ലോകത്ത് സുവർണ ജൂബിലിയുടെ പതാക പാറിച്ച പാലാ സഹൃദയ സമിതിയുടെ ആസ്ഥാനം പാലാ സഫലം 55 പ്ലസ് ഓഫീസിൽ നിന്ന് നഗരസഭയുടെ ഓപ്പൺ സ്റ്റേജിനോടു ചേർന്നുള്ള സായംപ്രഭയിൽ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. സഹൃദയ സമിതിയുടെ പ്രതിമാസ യോഗങ്ങളും ചർച്ചകളും മറ്റു പരിപാടികളും ഇനി സായം പ്രഭയിലാണ് നടക്കുകയെന്ന് പ്രസിഡന്റ് രവി പാലായും, സെക്രട്ടറി രവി പുലിയന്നൂരും പറഞ്ഞു.
1967 മാർച്ചിൽ ആരംഭിച്ച പാലാ സൗഹൃദയ സമിതിയുടെ ആദ്യ ആസ്ഥാനം പുലിയന്നൂർ ആസാദ് വായനാ ശാലയായിരു ന്നു.പ്രമുഖ സാഹിത്യകാരൻ വെട്ടൂർ രാമൻനായരാണ് സ്ഥാപക പ്രസിഡന്റ്. പ്രൊഫ.ആർ. എസ്. വർമ്മ സെക്രട്ടറിയും. തുടർന്ന് മലയാള സാഹിത്യലോകമാകെ പ്രസിദ്ധി നേടിയ പാലാ സഹൃദയ സമിതിയുടെ പരിപാടികളിൽ തകഴി, ഉറൂബ്, കേശവദേവ് , പി. ഭാസ്‌ക്കരൻ, വയലാർ , എം.ടി. തുടങ്ങി ഒട്ടേറെ സാഹിത്യ സാംസ്‌ക്കാരിക പ്രതിഭകൾ തുടർച്ചയായി പങ്കെടുത്തു.
അരുണാപുരം സി.ടി കൊട്ടാരം കോളജിലേക്ക് ആസ്ഥാനം മാറ്റിയ സഹൃദയ സമിതി 2012 മുതൽ പാലായിലെ മുതിർന്ന പൗരന്മാരുടെ സംഘടനയായ സഫലം 55 പ്ലസിന്റെ ഓഫീസിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. യോഗം കൂടാനും മറ്റും ഇവിടെ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വിഷയം നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സഹൃദയ സമിതിക്കായി സായം പ്രഭയുടെ വാതിലുകൾ തുറന്നത്. നയാ പൈസ വാടക ഈടാക്കാതെയാണ് നഗരസഭാധികൃതർ, സായംപ്രഭയുടെ വേദി സഹൃദയ സമിതിക്കായി വിട്ടുകൊടുത്തിട്ടുള്ളത്. ഇന്നലെ ഇവിടെ സഹൃദയ സമിതിയുടെ പ്രതിമാസ യോഗം ചേർന്നു. വനിതകൾ ഉൾപ്പെടെ നിരവധി സാഹിത്യ പ്രവർത്തകർ പങ്കെടുത്തു. സായം പ്രഭയിലെ സഹൃദയ സമിതിയുടെ ഔപചാരികമായ 'കടന്നിരിയ്ക്കൽ' ചടങ്ങ് ഉടൻ നടക്കും. പ്രസിഡന്റ് രവി പാലായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന 'കടന്നിരിയ്ക്കൽ' സമ്മേളനം പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്യും. സഹൃദയ സമിതിയുടെ സുവർണ ജൂബിലി സമ്മേളനവർഷമാണിത്. സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സുവർണജൂബിലി ആഘോഷ പരിപാടികൾ വരുന്ന ആഗസ്റ്റിൽ സമാപിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.


ഫോട്ടോ അടിക്കുറിപ്പ്

പാലാ നഗരസഭാ വക സായം പ്രഭ ഓപ്പൺ സ്റ്റേജിൽ പാലാ സഹൃദയ സമിതിയുടെ ആദ്യ യോഗം ചേർന്നപ്പോൾ