വൈക്കം: വൈക്കം ഇടയാഴത്തെ കോലാമ്പുറത്ത്കരി പാടശേഖരത്തിൽ ടാങ്കറിലെത്തിയ സംഘം വൻ തോതിൽ കക്കൂസ് മാലിന്യം തള്ളി. നൂറ് ഏക്കറിൽ നൂറിലേറെ കർഷകരാണ് കൃഷിയിറക്കിയിരിക്കുന്നത്. ഇവിടെയാണ് കഴിഞ്ഞ ഒരാഴ്‌ചയായി രാത്രിയിൽ ടാങ്കർ ലോറിയിൽ എത്തുന്ന സംഘം മാലിന്യം തള്ളുന്നത്. പാടശേഖരത്തിലെ കൃഷിയെപ്പോലും നശിപ്പിക്കുന്ന രീതിയിലാണ് മാലിന്യം അതിരൂക്ഷമായ മാലിന്യം തള്ളൽ. തുടർച്ചയായി മാലിന്യം തള്ളിയതോടെ ഈ പാടത്തെ ഒരു ഭാഗത്തെ നെൽച്ചെടികൾ നശിച്ചു പോകുകയും ചെയ്‌തു. മാലിന്യം തള്ളുന്നത് അതിരൂക്ഷമായതോടെ കർഷകരും, പാടശേഖര സമിതിയും പ്രദേശത്തെ എം.എൽ.എയ്‌ക്കും പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ, മാലിന്യം തള്ളുന്നത് തടയാനോ നടപടികളൊന്നുമുണ്ടാകുന്നില്ല. ഓരോ ദിവസവും ടൺകണക്കിന് മാലിന്യമാണ് ഇത്തരത്തിൽ പാടശേഖരത്തിൽ തള്ളുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.