ഏഴാച്ചേരി : ഇന്ന് അത്യപൂർവമായ 'മുപ്പെട്ട് തിങ്കൾ പൗർണമി. ഉമാമഹേശ്വര പ്രാർത്ഥനയ്ക്കുള്ള സവിശേഷ ദിനം. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് വിശേഷാൽ പൂജകൾ നടക്കും. രാവിലെ 8.30 ന് വിശേഷാൽ ഉമാമഹേശ്വരപൂജയും പൗർണമി പൂജയുമുണ്ട്. വൈകിട്ട് ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. അഭീഷ്ടസിദ്ധികൾക്കായി അനുഷ്ഠിക്കുന്ന വ്രത ദിനമാണിന്ന്. ദേവീ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് എല്ലാമാസത്തിലെയും പൗർണമി നാൾ. ഈ വർഷത്തെ മിഥുനമാസത്തിലെ പൗർണമിക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. ഉമാമഹേശ്വരന് പ്രാധാന്യമുള്ള തിങ്കളാഴ്ച പൗർണമി വരുന്നു. ഒപ്പം മിഥുനമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായതിനാൽ മുപ്പെട്ട് തിങ്കൾ എന്ന അതിവിശേഷവുമുണ്ട്. മിഥുനമാസത്തിലെ പൗർണമി വ്രതം സന്താനഭാഗ്യത്തിന് ഉത്തമമാണ് എന്നാണ് വിശ്വാസം. ദൂരെ ദിക്കുകളിൽ നിന്നെത്തുന്ന ഭക്തർക്കായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കാവിൻ പുറംക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫോൺ : 9745260444.