കോട്ടയം: അഴിമതിയിൽ ജില്ലയിൽ ഒന്നാമത് മോട്ടോർ വാഹന വകുപ്പെന്ന് ജില്ലാ വിജിലൻസ് വിഭാഗം. കോട്ടയം നഗരസഭയും റവന്യു വകുപ്പും തൊട്ടു പിന്നിലുണ്ട് .
ആറു മാസത്തിനിടെ മോട്ടോർ വാഹന വകുപ്പിനെപ്പറ്റി 13 പരാതികളാണ് വിജിലൻസ് സംഘത്തിന് ലഭിച്ചത്. വിവിധ ഓഫീസുകളിൽ പരിശോധന നടത്തുകയും ചെയ്‌തു. കോട്ടയം നഗരസഭയിലെ 20 ശതമാനം ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നാണ് കണ്ടെത്തൽ. രാഷ്ട്രീയക്കാരുടെ സഹായത്തോടെയാണ് ഇവരിൽ പലരും അഴിമതി നടത്തുന്നത്. പരാതി വ്യാപകമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നഗരസഭയുടെ നാട്ടകം സോണിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയും ചെയ്‌തിരുന്നു.
റവന്യു, ജിയോളജി വകുപ്പുകളും അഴിമതിയുടെ കാര്യത്തിൽ മോശമല്ല. കാര്യമായ പരാതികൾ ഈ രണ്ടു വകുപ്പുകളെക്കുറിച്ചു വരുന്നില്ലെങ്കിലും വൻ അഴിമതി നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. അഴിമതി കൂടുതലുണ്ടെന്നു കണ്ടെത്തിയ വകുപ്പുകളിൽ നിരീക്ഷണം ശക്തമാക്കാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
കൈക്കൂലിക്കേസിൽ കുടുങ്ങിയ ഡോക്‌ടർ
വ്യാജ മരുന്നുണ്ടാക്കി വിറ്റു
കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്‌ത ആയുർവേദ ഡോക്‌ടർ യു.സി അബ്ദുള്ള വ്യാജ മരുന്നുവിൽപ്പന നടത്തിയ സംഭവത്തിൽ നടപടി നേരിടുന്നയാളാണ്. ഈ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ഇന്നലെ വിജിലൻസ് കോടതി ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യവെ കോഴിക്കോട് തന്നെയുള്ള എസ്.എൻ.എ ആശുപത്രിയിലെ ബാലൻ എന്ന ജീവനക്കാരനുമായ ചേർന്ന് ദേവതാർവാടി ചൂർണം എന്ന പേരിൽ മരുന്നുണ്ടാക്കി വിൽപ്പന നടത്തുകയായിരുന്നു. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഇതേ മരുന്നു തന്നെ ഡോക്ടർ കുറിച്ച് നൽകും. ഈ മരുന്ന് വിറ്റു കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് മെഡിക്കൽ ഷോപ്പുടമ കൂടിയായ ബാലൻ ഡോ. അബ്ദുള്ളയ്ക്കു നൽകുമായിരുന്നു. ഇതേക്കുറിച്ച് ആയുർവേദ വകുപ്പിലെ വിജിലൻസ് നടത്തിയ പരിശോധനയിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് ഇൻക്രിമെന്റ് റദ്ദാക്കിയിരുന്നു.