പാലാ : മോട്ടോറുകളും പമ്പുഹൗസും വൈദ്യുതികണക്ഷനും ഇല്ലാത്ത കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ട് 6 മാസം പിന്നിട്ടിട്ടും റീടാറിംഗ് നടത്തുന്നില്ലെന്ന് ആക്ഷേപം. പാലാ - കോഴാ റോഡിൽ നെല്ലിയാനി മുതൽ കൊട്ടാരമറ്റം വരെയുള്ള ഭാഗവും നെല്ലിയാനി സമാന്തരറോഡുമാണ് കുത്തിപ്പൊളിച്ച് കാൽനടയാത്ര പോലും അസാദ്ധ്യമാക്കിയത്. ആധുനികരീതിയിൽ ബി.എം.ബി.സി ടാറിഗ് നടത്തിയ റോഡാണ് ജലഅതോറിറ്റി അധികൃതർ വെട്ടിപ്പൊളിച്ചത്.
റോഡ് പൊളിച്ചവർ ടാർചെയ്യാതെ കൈമലർത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ റീടാർചെയ്യുമെന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് റോഡ് പൊളിച്ചത്. റോഡിന്റെ അതിർത്തിയിലൂടെ പൈപ്പ് ലൈനിനായി കുഴിയെടുക്കാമായിരുന്നെങ്കിലും ടാറിംഗ് നടത്തിയ ഭാഗമാണ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചത്. മണ്ണുമാന്തിയുടെ കാലുകൾ ഉറപ്പിച്ച ഭാഗത്തെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടു. റോഡിന്റെ വശത്തെ കോൺക്രീറ്റ് തകരുകയും ഓടകളിൽ മണ്ണ് നിറഞ്ഞ് ഓടഅടയുകയും ചെയ്തതോടെ വെള്ളംറോഡിലൂടെ കുത്തിയൊലിച്ച് ഒഴുകുകയാണ്. പൈപ്പ് ലൈനിനായി മണ്ണെടുത്ത ഭാഗത്ത് കുഴികൾ രൂപപ്പെട്ടതോടെ കാൽനട യാത്ര പോലും അസാദ്ധ്യമാണ്.
അനുമതി നൽകിയത് 1 മീറ്റർ,
വെട്ടിപ്പൊളിച്ചത് 2.50 മീറ്റർ
ഒരുമീറ്റർ ഭാഗം വെട്ടി പൊളിക്കുന്നതിനുള്ള അനുമതിയാണ് പൊതുമരാമത്ത് നൽകിയിരുന്നതെങ്കിലും പലയിടത്തും 2.50 മീറ്റർ വരെ റോഡ് പൊളിച്ചു. എസ്റ്റിമേറ്റ്പ്രകാരം ഒരുമീറ്റർ ഭാഗം സാധാരണ ടാറിംഗ് നടത്തുന്നതിനുള്ള തുക മാത്രമാണ് ജലഅതോറിട്ടി പൊതുമരാമത്ത് വകുപ്പിൽ അടച്ചത്. എന്നാൽ റോഡ് പൂർണമായും റീടാർ ചെയ്‌തെങ്കിൽ മാത്രമേ അപകടരഹിതമായ ഗതാഗതം സാദ്ധ്യമാകുവെന്നതാണ് സ്ഥിതി.
ഭീതിയോടെ കാൽനടയാത്ര
പാലാ-ഉഴവൂർ, പാലാ-കോഴാ റോഡുകളെ ബന്ധിപ്പിക്കുന്ന നെല്ലിയാനി സമാന്തര റോഡിന്റെ ഒരുവശം മുഴുവനും പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴി എടുത്തപ്പോൾ ഉണ്ടായ മണ്ണുംകല്ലും കൂട്ടിയിരിക്കുയാണ്. ബസുകളും മറ്റ് ചെറിയ വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ ഇരുനിര വാഹനഗതാഗതവും കാൽനടയാത്രയും അപകടകരമായിരിക്കുകയാണ്. റോഡ് വെട്ടിപ്പൊളിച്ച ജലഅതോറിറ്റി തന്നെ റോഡിലെ കല്ലും മണ്ണും നീക്കേണ്ടതാണ്. റോഡ് സുരക്ഷാ അതോറിറ്റിയ്ക്കും പൊതുമരാമത്തുവകുപ്പ് അധികാരികൾക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.