വൈക്കം: ആത്മീയമായും ഭൗതികമായും നമുക്കു ലഭിച്ചിട്ടുള്ള കഴിവുകൾ നമ്മിൽത്തന്നെ ഒതുങ്ങിപ്പോകാതെ മറ്റുള്ളവർക്കായി പങ്കുവയ്ക്കാനുള്ള മനസ് കാണിക്കുമ്പോഴാണ് യഥാർത്ഥ വികസനം സമൂഹത്തിന് ഉണ്ടാകുന്നതെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വൈസ് ചാൻസലർ ഫാ.ബിജു പെരുമായൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഹരിത സഹായ സ്ഥാപനമായ വെൽഫെയർ സർവീസസിന്റെ ( സഹൃദയ) ആഭിമുഖ്യത്തിൽ വൈക്കം നടേൽ പള്ളിയിൽ സംഘടിപ്പിച്ച സഹൃദയ സോഷ്യൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭവനങ്ങളിലേക്ക് നൽകുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വികാരി ഫാ.ബന്നി പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ആൽബിൻ പാറേക്കാട്ടിൽ, കൈക്കാരന്മാരായ സേവ്യർ പൗവത്തിൽ, ജോസ് മാണിക്കത്ത്, വൈസ് ചെയർമാൻ ജോസ് പാറശേരിക്കടവ്, സിസ്റ്റർ സ്‌നേഹ എസ്.ഡി; നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.വി.വി.സത്യൻ, രജനി സതീശൻ, തങ്കമ്മ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. സഹൃദയ ഡയറക്ടർ ഫാ.പോൾ ചെറുപിള്ളി ആരോഗ്യ ജീവിതസെമിനാറിന് നേതൃത്വം നൽകി. മാലിന്യ സംസ്‌കരണ ഉപാധികൾ, ജലസംരക്ഷണ, ഊർജ സംരക്ഷണ ഉപാധികൾ, ആയുർവേദ ഉത്പന്നങ്ങൾ, നാടൻ ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ പ്രദർശനവും സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം, ബദൽ ജീവിത ശൈലിയുടെ പ്രോത്സാഹന സംവാദം എന്നിവ നടത്തി. ഭിന്ന ശേഷിക്കാരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മെലഡീസ് ഗാനമേളയും ഉണ്ടായിരുന്നു.